ദുരൂഹതയുടെ ദ്വീപ് …ഹിന്ദു രാഷ്ട്രം എന്ന് പേര്…ഭൂമിയുടെ ഏത് വൻകരയിലാണ് എന്ന ചോദ്യത്തിന് മറുപടിയില്ല…പക്ഷേ കൈലാസ ഉണ്ട്…

ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ നിത്യാന്തയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ എത്തിയത് ഒരു വലിയ ചർച്ചയായിരുന്നു. ഇതോടെ നിത്യാനന്ദയുടെ ഹിന്ദു രാഷ്ട്രം വീണ്ടും ചർച്ചകളിൽ നിറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്നു പേരിട്ടിരിക്കുന്ന ഈ രാജ്യത്തിൻറെ സ്ഥിരം പ്രതിനിധിയായാണ് വിജയപ്രിയ ഐക്യരാഷ്ട്രസഭയിൽ എത്തിയത്. ഇതോടെയാണ് കൈലാസയും നിത്യാനന്ദയും വീണ്ടും ചർച്ചകളിൽ ഇടം പിടിച്ചത്.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകളെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളില്‍ പ്രതി ചേർക്കപ്പെട്ട വ്യക്തിയാണ് നിത്യാനന്ദ. 2019 ലാണ് ഇയാൾ ഇന്ത്യയിൽ നിന്നും ഒളിച്ചോടുന്നത്. അതിനു ശേഷം ആണ് ലോകത്തിലെ ആദ്യത്തെ ഹിന്ദു രാഷ്ട്രം താൻ സ്ഥാപിച്ചതായും തന്റെ രാജ്യത്തിൻറെ പേര് കൈലാസ എന്നാണെന്നും ഇയാൾ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടത്. കൈലാസ ഡോളർ എന്നപേരിൽ സ്വന്തം കറൻസി ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. സംഭവങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൈലാസ എവിടെയാണ് എന്ന് മാത്രം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഒരു സാങ്കല്പിക രാജ്യമാണ് എന്ന് പോലും പ്രചരണം ഉണ്ടായി. ഇതിനിടയാണ് യുഎൻ സമ്മേളനത്തിൽ കൈലാസയുടെ പ്രതിനിധി വിജയപ്രിയ ഇന്ത്യ നിത്യാനന്ദയെ പീഡിപ്പിക്കുന്നു എന്ന ആരോപണമുന്നയിച്ച് രംഗത്ത് വന്നത്.

നിത്യാനന്ദ ഇക്കഡോർ തീരത്തിനടുത്ത് ഒരു ദ്വീപ് വാങ്ങിയെന്നും ആ ദ്വീപിന് കൈലാസ എന്ന പേരിടുകയായിരുന്നു എന്നും വാർത്ത പുറത്തുവന്നു. എന്നാൽ ഇക്കഡോർ ഇത് നിഷേധിച്ചു. തങ്ങളുടെ രാജ്യത്ത് നിത്യാനന്ത ഇല്ല എന്ന് അവർ അറിയിച്ചു.

യഥാർത്ഥത്തിൽ കൈലാസ എന്ന ഒരു രാജ്യം ഇല്ല എന്നും ഇത് ഒരു വെർച്വൽ രാജ്യമാണ് എന്നുമുള്ള സംശയമാണ് ഇപ്പോൾ ഉയരുന്നത്.

വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് അമേരിക്ക , കാനഡ എന്ന് തുടങ്ങി വിവിധ യൂറോപ്പ്യന്‍  രാജ്യങ്ങളില്‍ നിന്നുള്ള നിത്യാനന്ദയുടെ അനുയായികൾ ചേർന്ന് രൂപവൽക്കരിച്ച് ഒരു പ്രസ്ഥാനമാണ് ഇത് എന്നാണ്.

അപ്പോഴും കൈലാസയുടെ പ്രതിനിധികൾ പറയുന്നത് സ്വതന്ത്ര ഭരണഘടന, പാസ്പോര്‍ട്ട് ,  ഫ്ലാഗ് എന്നിവയുള്ള ഒരു രാജ്യമാണ് തങ്ങളുടേത് എന്നാണ്. മാത്രമല്ല ഇവിടെ ട്രഷറി , വിവിധ വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. അപ്പോൾ പോലും ഈ രാജ്യം ഭൂമിയുടെ ഏത് വൻകരയിലാണ് എന്ന് വ്യക്തമാക്കിയിട്ടില്ല എന്നത് ഏറെ വിചിത്രമാണ്.

Exit mobile version