ലോകത്തിലെ തന്നെ ഏറ്റവും പ്രയാസകരമായ മാരത്തോൺ പൂർത്തിയാക്കി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ. ഓസ്ട്രേലിയയിലെ ഡെലിറിയസ് വെസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന മാരത്തോണ്‍ വിജയകരമായി പൂർത്തിയാക്കിയാണ് 33 കാരനായ സുകാന്ത് സിംഗ് സുഖി ചരിത്രത്തിൽ ഇടം പിടിച്ചത്. 102 മണിക്കൂറും 27 മിനിറ്റും കൊണ്ടാണ് ഇദ്ദേഹം 350 കിലോമീറ്റർ ദൂരം പിന്നിട്ടത്.
എത്ര പരിചയസമ്പന്നരായ ഓട്ടക്കാർക്ക് പോലും വെല്ലുവിളി ഉണ്ടാക്കുന്ന അതീവ പ്രയാസകരമായ ഒരു മാരത്തോൺ മത്സരമാണ് ഡെലിറിയസ് വെസ്റ്റ് എന്നാണ് കരുതപ്പെടുന്നത്. ഇത്തവണ ഈ മത്സരം നടന്നത് ഫെബ്രുവരി 8 മുതൽ 12 വരെയാണ്.
സുകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ച വിവരം ലോകത്തെ അറിയിച്ചത്. ഇനി ജീവിതത്തിൽ എന്തും നേടാൻ കഴിയും എന്ന ആത്മവിശ്വാസം ഇപ്പോൾ ലഭിച്ചതായി ഇയാൾ പറയുന്നു. ഭീതിപ്പെടുത്തുന്ന വനത്തിനുള്ളിലൂടെ 350 കിലോമീറ്റർ ഓടാൻ കഴിഞ്ഞതിനാൽ അത് ജീവിതത്തിൽ വരാൻ പോകുന്ന ഏത് പ്രതിസന്ധിയെയും നിസാരമായി അതിജീവിക്കാൻ സഹായിക്കും എന്ന ആത്മവിശ്വാസം പകര്‍ന്നു നല്‍കിയതായി സുകാന്ത് പറയുന്നു.
പല വെല്ലുവിളികളെയും അതിജീവിച്ചാണ് സുകാന്ത് ഈ മാരത്തോൺ പൂർത്തിയാക്കിയത്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നാല് രാത്രികൾ ഉറങ്ങാതിരിക്കുക എന്നതാണ്. മാരത്തോൺ രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ തലച്ചോറിന് കടുത്ത ക്ഷീണം ഉണ്ടായിത്തുടങ്ങും. പിന്നീട് മുന്നോട്ടു പോകണമെങ്കിൽ അതിലെ വോളണ്ടിയര്‍മാരുടെ സഹായം കൂടിയേ തീരൂ. ഈ മാരത്തോൺ മത്സരം വിജയകരമായി പൂർത്തിയാക്കിയ നാലു പേരിൽ ഒരാളാണ് സുകാന്ത്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ആറു മാസത്തോളം അതികഠിനമായ പരിശീലനങ്ങൾ സുകാന്ത് സിംഗ് നടത്തിയിരുന്നു.