ഞാൻ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിച്ചേനെ…അവർ സഹോദരന്മാരായി ജനിച്ചില്ല എന്നേയുള്ളൂ… കൊച്ചിൻ ഹനീഫയുടെ വിയോഗത്തിൽ മമ്മൂട്ടി കരഞ്ഞു പറഞ്ഞതിനെക്കുറിച്ച് നടൻ മുകേഷ്…
മലയാള ചലച്ചിത്ര പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങി കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ വ്യക്തിയായിരുന്നു അദ്ദേഹം. നടൻ ആയി മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം മികവു പുലർത്തിയിട്ടുണ്ട്. കൊച്ചിൻ ഹനീഫ എന്ന വ്യക്തിയെക്കുറിച്ച് കഴിഞ്ഞ ദിവസം തൻറെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെ നടൻ മുകേഷ് സംസാരിക്കുകയുണ്ടായി. കൊച്ചിൻ ഹനീഫ എന്ന വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹത്തിന് മമ്മൂട്ടിയുമായി ഉണ്ടായ ആത്മബന്ധത്തെക്കുറിച്ചും ആണ് മുകേഷ് മനസ്സ് തുറന്നത്.
വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിയാണ് കൊച്ചിൻ ഹനീഫ എന്ന് അദ്ദേഹം പറയുന്നു. ധാരാളം സുഹൃത്തുക്കൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആർക്കെങ്കിലും അദ്ദേഹത്തിനോട് എന്തെങ്കിലും തരത്തിലുള്ള ശത്രുത ഉള്ളതായി അറിയില്ല. അദ്ദേഹം എവിടെ ചെന്നാലും അവിടെയുള്ളവരുമായി പെട്ടെന്ന് ഇഴുകി ചേരും. കൊച്ചിൻ ഹനീഫയുടെ ചിരി വളരെ പ്രസിദ്ധമാണ്. ചെറിയ തമാശക്ക് പോലും അദ്ദേഹം പൊട്ടിച്ചിരിക്കും. സീരിയസായ സ്ഥലത്ത് ആണെങ്കിൽ അദ്ദേഹം ഉണ്ടെങ്കിൽ കാര്യങ്ങൾ ഒതുക്കിയാണ് പറയുന്നത്.
കൊച്ചിന് ഹനീഫയെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട ആളാണ് മമ്മൂട്ടി. അവർ സഹോദരന്മാരായി ജനിച്ചില്ല എന്നേയുള്ളൂ. അത്രത്തോളം സ്നേഹം മമ്മൂട്ടിക്ക് കൊച്ചിൻ ഹനീഫയോടുണ്ട്. അതിന്റെ ഇരട്ടി സ്നേഹം ഹനീഫക്കു മമ്മൂട്ടിയോടുമുണ്ട്. അതുകൊണ്ടാണ് കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ മമ്മൂട്ടി ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അത് പറഞ്ഞാണ് മമ്മൂട്ടി കരഞ്ഞത്. വഴക്ക് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ കരച്ചിൽ. തന്നോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സ നടത്തുമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി കരഞ്ഞത്. അത്രത്തോളം നിഷ്കളങ്കനായ വ്യക്തിയായിരുന്നു മമ്മൂട്ടി എന്ന് മുകേഷ് പറയുന്നു.