നടനും അഭിഭാഷകനുമായ അഡ്വക്കേറ്റ് ഷുക്കൂറിന്റെ രണ്ടാം വിവാഹം സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇസ്ലാം മത ആചാര പ്രകാരം വിവാഹം കഴിച്ച അദ്ദേഹം തന്റെ ഭാര്യയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. തന്റെ മൂന്ന് പെൺമക്കൾക്ക് വേണ്ടിയാണ് താൻ ഇതിന് മുതിർന്നത് എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതിനെതിരെ നിരവധി മതമേലധികാരികൾ രംഗത്തു വന്നു. എന്നാൽ വലിയൊരു വിഭാഗം പേരും അദ്ദേഹത്തിൻറെ നിലപാടിനോട് യോജിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാധ്യമത്തിൽ ഇത് സംബന്ധിച്ച ഒരു പുതിയ കുറിപ്പ് പങ്കു വയ്ക്കുകയുണ്ടായി.
ഈ കുറിപ്പിൽ പറയുന്നത് സ്പെഷ്യൽ മാരേജ് ആക്ട് സൊത്തവകാശത്തെ മാത്രം ബാധിക്കുന്നതല്ല എന്നാണ്. ഇസ്ലാം മതം അനുസരിച്ച് നിക്കാഹ് നടത്തിയ ഒരാൾ എസ്എംഎ വകുപ്പ് 15 അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്താൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് കൂടി അദ്ദേഹം വിശദീകരിക്കുന്നു.
എസ്എംഎ വകുപ്പ് 15 അനുസരിച്ച് ഒരിക്കൽ കൂടി വിവാഹം കഴിച്ചാൽ ഭർത്താവിൻറെ തലാക്ക് അവകാശം നഷ്ടപ്പെടും. കൂടാതെ ഭാര്യയുടെ ഖുല/ഫസ്ഖ് തുടങ്ങിയ അവകാശങ്ങളും നഷ്ടപ്പെടും.
മറ്റൊന്ന് ഭർത്താവിൻറെ ബഹുഭാര്യത്വത്തിനുള്ള അവകാശം ഇങ്ങനെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടമാകും എന്നതാണ്.
ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കില്ല. സി ആർ പി സി 125 ബാധകമാവുകയും ചെയ്യും. അതുകൊണ്ട് എല്ലാവരും ആലോചിച്ച് ഒരു തീരുമാനമെടുക്കണമെന്ന് അദ്ദേഹം കുറിച്ചു.