വിഷം പുകയുന്ന കൊച്ചി…ഒരു ഭരണകൂടത്തിന് എങ്ങനെയാണ് ഇത്ര നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നത്…വിമർശനവുമായി സംവിധായകൻ അരുൺ ഗോപി.

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ച് അതിൻറെ പുക കൊച്ചിയെ മുക്കിയിട്ട് ഒരാഴ്ചയിൽ അധികമാകുന്നു. എന്നാൽ ഇതിനെതിരെ ഇതുവരെ ഫലപ്രദമായ ഒരു നടപടികൾ കൊള്ളാന്‍  നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയരുകയാണ്. ഒരു ഭരണകൂടത്തിന് എങ്ങനെയാണ് ഇത്തരത്തിൽ നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് എന്ന ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി.

കൊച്ചിയിൽ വിഷം പുകയുകയാണ്. എന്നിട്ടും എങ്ങനെയാണ് ഒരു ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു ജനതയെ തലമുറകളോളം ബാധിക്കുന്ന വലിയ പീഡനങ്ങളിലേക്ക് തള്ളിവിടാൻ സാധ്യതയുള്ള വിഷപ്പുക ഓരോരുത്തരുടെയും ബെഡ്റൂമിൽ വരെ എത്തി നിൽക്കുന്ന തരത്തിലുള്ള ജാഗ്രതക്കുറവ് എങ്ങനെയാണ് സംഭവിക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞു പോയിട്ടും മാറ്റമില്ലാതെ തുടരുന്ന പുകയെ കൊച്ചിയിലുള്ള ഓരോ മനുഷ്യന്റെയും ശരീരത്തിൽ എത്തിച്ചേ അടങ്ങൂ എന്ന വാശിയിലാണോ സർക്കാർ എന്ന് അദ്ദേഹം ചോദിക്കുന്നു.

തനിക്ക് ചെറിയ കുട്ടികളാണ്, ഇത് തന്റെ കാര്യം മാത്രമല്ല പലർക്കും പ്രായമായ അച്ഛനമ്മമാർ ഉണ്ട്. അവരുടെയൊക്കെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ട് പോയിട്ടല്ല പ്രതികരിക്കാതിരിക്കുന്നത്. പക്ഷേ ആരോട് പറയാനാണ് എന്ന് സ്വയം തോന്നിത്തുടങ്ങിയിരിക്കുകയാണ്.

എല്ലാവരും കരുതുന്നതുപോലെ ഈ വിഷപ്പുക ഇലക്ഷൻ തീരുന്നതിന് മുൻപേ അണച്ച് ആളുകളുടെ മറവിരോഗത്തിൽ സ്വയം രക്ഷപ്പെടാം എന്നാണ് എങ്കിൽ ഈ വിഷപ്പുക തീർക്കുന്ന മാരക പ്രശ്നങ്ങളിൽ നിന്നും കൊച്ചിക്ക് ഒരു തിരിച്ചു വരവ് ഒരു ഇലക്ഷനല്ല പല ഇലക്ഷൻ കഴിഞ്ഞാലും അസാധ്യമാകുമെന്ന് അരുൺ ഗോപി കുറിച്ചു.

Exit mobile version