കേരളം ഉൾപ്പെടെ ഉള്ള വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. തമിഴ്നാട് , തെലുങ്കാന , കർണാടക, മഹാരാഷ്ട്ര , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കേരളത്തെ കൂടാതെ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
മാർച്ച് ആദ്യ മാസം ഉണ്ടായിരുന്ന കേസുകളെക്കാൾ കൂടുതൽ രണ്ടാമത്തെ ആഴ്ച ആയപ്പോൾ വർദ്ധിച്ചിട്ടുണ്ട്. 434ൽ നിന്നും 579 ലേക്ക് ഇത് കൂടി. 2.64 ശതമാനമാണ് നിലവിലത്തെ സാഹചര്യത്തിൽ കേരളത്തിലെ കോവിഡ് പോസിറ്റിറ്റി നിരക്ക്. ഇന്ത്യയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.61 മാത്രമുള്ള സാഹചര്യത്തിലാണ് കേരളത്തിൽ ഈ വർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ് . അതുകൊണ്ടുതന്നെ സംസ്ഥാന വ്യാപകമായി പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ തന്നെ നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാത്രമല്ല കോവിഡ് കേസുകളിൽ ഉണ്ടാവുന്ന വർദ്ധനവ് തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 4000ത്തിനു മുകളിലാണ്. കോവിഡ് ബാധിച്ച് ഏറ്റവും ഒടുവിൽ മരണപ്പെട്ടത് അഞ്ച് പേരാണ്.
അതേസമയം കോവിഡിന് ഒപ്പം തന്നെ എച്ച് ത്രീ എൻ 2 വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 3000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവർ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും രോഗികൾ കർശനമായി പാലിക്കണം എന്നാണ് നിർദ്ദേശം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.