നോർത്ത് ബാംഗ്ലൂർ സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയായി ജോലി ചെയ്തു വരികയും ആയിരുന്ന ആർ ആശയെ പിതാവ് തല്ലിക്കൊന്നു. സംഭവത്തിൽ പിതാവ് ബി ആർ രമേശിനെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിനുള്ളിൽ തെന്നി വീണ് ആണ് മകൾ മരിച്ചത് എന്നായിരുന്നു ഇയാൾ ആദ്യം പോലീസിൽ നൽകിയ മൊഴി. പക്ഷേ യുവതിയുടെ ശരീരത്ത് കണ്ട അസ്വാഭാവികമായ പരിക്കുകൾ സംശയം ജനിപ്പിച്ചു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ താൻ മകളെ കൊലപ്പെടുത്തിയതാണെന്ന് രമേശ് സമ്മതിച്ചു.
കൊടിക ഹള്ളിയിൽ ഉള്ള വീട്ടിൽ വച്ച് ബുധനാഴ്ച്ച രാത്രിയോടെയാണ് ഇയാൾ കൊലപാതകം നടത്തിയത്. അടുത്ത ദിവസം രാവിലെ മകൾ വലിച്ച വിവരം ഇയാൾ തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്.
രമേശിന് രണ്ട് മക്കളാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ ഡോക്ടറാണ്. അടുത്തിടെയാണ് മൂത്ത മകള്‍ ആശ ഭർത്താവുമായി പിരിഞ്ഞു കുടഹള്ളിയിലെ വീട്ടിൽ താമസിക്കാൻ എത്തുന്നത്. ഇവിടെ രമേശും ഭാര്യയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ആശ വീട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് വകവയ്ക്കാതെ പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ മുന്നോട്ടു പോയില്ല. ഇരുവരും പിണങ്ങി രണ്ടിടത്തു താമസിക്കുക ആയിരുന്നു. ഇതിൽ പിതാവ് രമേശ് അസ്വസ്ഥനായിരുന്നു. വീട്ടിലെത്തിയ ആശയും രമേശും തമ്മിൽ ഇതിൻറെ പേരിൽ തർക്കം ഉണ്ടായി. വഴക്കിനിടയിൽ കൈയിൽ കരുതിയ മരക്കഷണം കൊണ്ട് രമേശ് മകളുടെ തലയിൽ അടിച്ചു. ഈ സംഭവം നടക്കുമ്പോൾ ആശയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർ മറ്റൊരു മുറിയിലായിരുന്നതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല. മകളെ കൊലപ്പെടുത്തിയതിനു ശേഷം സ്വന്തം
മുറിയിലേക്ക് രമേശ് ഉറങ്ങാൻ പോയി. അടുത്ത ദിവസം രാവിലെ മകൾ തറയിൽ തെന്നി വീണ് മരിച്ചു എന്ന് പോലീസിനോട് വിളിച്ചു പറയുകയും ചെയ്തു.