രണ്ടു കൈകളും ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കടന്ന് ഗിന്നസ് റെക്കോർഡിൽ മുത്തമിട്ടിരിക്കുകയാണ് ആദിത്യൻ എന്ന നാലാം ക്ലാസുകാരൻ. മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ – അശ്വതി ദമ്പതികളുടെ മകനാണ് ആദിത്യൻ. മൂന്നര കിലോമീറ്റർ വീതിയുള്ള വേമ്പനാട്ടു കായൽ ആണ് ഈ കൊച്ചു മിടുക്കൻ നീന്തി കടന്നത്.
ഗിന്നസ് റെക്കോർഡിനായുള്ള ആദിത്യന്‍റെ പ്രകടനം നടന്നത് തിങ്കളാഴ്ച രാവിലെയാണ്. അരൂർ എം എൽ എ ആയ ദിലീമ ജോർജ് ആണ് ആദ്യത്ത്യന്റെ കൈകൾ ബന്ധിച്ച് നീന്തലിനുള്ള ഫ്ലാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂറും 24 മിനിറ്റും കൊണ്ട് ആദിത്യൻ നീന്തൽ പൂർത്തിയാക്കി. ഈ ഘട്ടത്തിൽ ഉടനീളം ഗിന്നസ് റെക്കോർഡ് അധികൃതരും ആദിത്യന്റെ ഒപ്പമുണ്ടായിരുന്നു. നീന്തൽ പൂർത്തിയാക്കി മറുകരയെത്തിയ ആദിത്യന് വൈക്കം കായലോര ബീച്ചിൽ സ്വീകരണം ഒരുക്കിയിരുന്നു. മറുകരയിൽ എത്തിയ ആദിത്യന്‍റെ കയ്യിലെ വിലങ്ങുകൾ അഴിച്ചു മാറ്റിയത് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മാത്യു വർഗീസ് ആണ്.
രാഷ്ട്രീയത്തിലെയും സാമൂഹിക രംഗത്തെയും പ്രമുഖർ ഉൾപ്പെടെ വാദ്യ മേളങ്ങളോടെയാണ് 9 വയസുകാരനെ സ്വീകരിച്ചത്. ആദിത്യനെ അനുമോദിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മി മുഖ്യ അതിഥിയായി പങ്കെടുത്തു.
മൂവാറ്റുപുഴയിലുള്ള നിരവധി ജലാശയങ്ങളിൽ കഴിഞ്ഞ ആറു മാസത്തിലധികമായി ഈ റെക്കോർഡിന് വേണ്ടിയുള്ള പരിശീലനം തുടർന്ന് വരികയാണ് ആദിത്യൻ. കൈകൾ ബന്ധിച്ചു നീന്തണം എന്ന ആഗ്രഹം ആദ്യത്തിന് ഉണ്ടായപ്പോള്‍ പിതാവ് അതിന് അനുവദം നൽകിയിരുന്നു എങ്കിലും അമ്മയ്ക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു. ഒടുവിൽ പരിശീലകൻ ബിജു തങ്കപ്പൻ നൽകിയ ഉറപ്പിൽ ആദിത്യൻ ഗിന്നസ് റെക്കോർഡിനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ തൻറെ സ്വപ്നം അവന്‍ സാക്ഷാത്കരിച്ചു.