ചോരാത്ത വീര്യം…ഒരു കാൽ നഷ്ടപ്പെട്ടിട്ടും മിസ്റ്റർ ഇന്ത്യ തിളക്കത്തിൽ മലയാളി….

മിസ്റ്റർ ഇന്ത്യ പട്ടം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അനീത്. ഭിന്നശേഷി വിഭാഗത്തിലാണ് അനീത് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.  ഇന്ത്യൻ ബോഡി ബിൽഡേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മധ്യപ്രദേശിൽ വച്ച് നടന്ന മത്സരത്തിലാണ് അനീത് കേരളത്തിന് തന്നെ അഭിമായി മാറിയ ഈ നേട്ടം കൈവരിച്ചത് .

2012 ല്‍ തിരുവനന്തപുരം, ശാസ്തമംഗലം – വെള്ളയമ്പലം റോഡില്‍ വച്ച് നടന്ന അപകടത്തിലാണ് അനിതിന് തന്‍റെ കാല്‍ നഷ്ടപ്പെട്ടത്. അശ്രദ്ധമായി വന്ന ഒരു കാര്‍ അനീത് സഞ്ചരിച്ചിരുന്ന ബൈക്കിൽ വന്ന് ഇടിക്കുക ആയിരുന്നു.
ഇടിയുടെ ആഘാതത്തിൽ അനീതിന്റെ കാൽ പൂർണമായും തകർന്നു പോയി. ഒടുവിൽ കാൽ മുറിച്ച് മാറ്റി . മൂന്നു ദിവസത്തിനു ശേഷമാണ് അനീതിനോട് കാൽ മുറിച്ചു മാറ്റിയ  കാര്യം പറയുന്നത്. ഇതോടെ അനീത് ആകെ തകർന്നു പോയി. കടുത്ത മാനസിക വിഷമത്തിലായ അനീതിന് പ്രചോദനമായി മാറിയത് കൊല്ലം പുനലൂർ സ്വദേശി ആയ അബ്ദുൽ ബുഖാരിയാണ്. പോളിയോ ബാധിച്ചു കാലുകള്‍ തളര്‍ന്നിട്ടു കൂടി പരിശ്രമത്തിന്റെ ഫലമായി അദ്ദേഹം നേടിയ നേട്ടങ്ങൾ അനീതിന് വലിയ പ്രചോദനമായി മാറി.

നേരത്തെ ജിമ്മിൽ പോകുന്നതിനോട് ഒരു താല്പര്യവും ഇല്ലാതിരുന്ന അനീത് അപകടത്തിന് ശേഷം ജിമ്മിൽ പോകാൻ ആരംഭിച്ചു. ആദ്യഘട്ട പരിശീലനം നടത്തിയത് സുഹൃത്തുക്കളുടെ സഹായത്തോടെയാണ്. അത്ര എളുപ്പമായിരുന്നില്ല ജിമ്മിലെ പരിശീലനം. ഏറെ ബുദ്ധിമുട്ടിയാണ് അനീത് വർക്ക് ഔട്ടുകൾ ചെയ്തത് . ഒടുവിൽ അനീത് ദേശീയ തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു. എല്ലായിപ്പോഴും താങ്ങും തണലുമായി അനീതിന്റെ ഒപ്പം നിന്നത് ഭാര്യ അഞ്ചു ആയിരുന്നു.

Exit mobile version