ഭർത്താവിൽ നിന്നും ഭർത്താവിൻറെ വീട്ടുകാരിൽ നിന്നും ഉള്ള ക്രൂരത സഹിക്കാന്‍ കഴിയാതെ 18 കാരിയായ യുവതി വീടിൻറെ മേൽക്കൂരയിലൂടെ ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഗാസിയാബാദിലാണ് ഈ സംഭവം നടന്നത്.
ഇക്ര എന്ന യുവതിയാണ് ഭർത്താവ് യൂസഫിന്റെ മർദ്ദനത്തിൽ ഭയന്ന് വീടിൻറെ മേൽക്കൂരയിലൂടെ ഓടി രക്ഷപ്പെട്ടത് . ഇവരുടെ ഓട്ടം ഒടുവിൽ വന്നു നിന്നത് സമീപത്തുള്ള സ്കൂളിന്റെ മേൽക്കൂരയിലാണ് . നിലത്തു കൂടി ഓടിയാല്‍ ഭര്‍ത്താവിന്റെ കയ്യില്‍ പെടും എന്നു ഭയന്നാണ് ഇവര്‍ വീടിന്റെ മേല്‍ക്കൂരയിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ദേഹമാസകലം അടിയേറ്റ മുറിവുകളുമായി കണ്ട ഇക്രയെ ഒടുവിൽ നാട്ടുകാര്‍ തന്നെ ആണ് പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നത് . തന്റെ ശരീരത്ത് ഉണ്ടായ പരിക്കുകൾക്ക് കാരണം ഭർത്താവിൻറെ അതിക്രൂരമായ മർദ്ദനം ആണെന്ന് ഇക്ര പോലീസിനോട് പറഞ്ഞു . ബ്ലേഡ് ഉപയോഗിച്ച് വരയുകയും നഖം ഉപയോഗിച്ച് ദേഹമാസകലം മാന്തി പൊളിക്കുകയും ചെയ്തുവെന്നും തന്നെ കടിച്ചു പോലും ഭര്‍ത്താവ് പരിക്കേൽപ്പിച്ചു എന്നും ഇവർ പോലീസിനോട് പറഞ്ഞു. മാത്രമല്ല ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധം പുലർത്താൻ യൂസഫ് തന്നെ നിർബന്ധിച്ചതായും യുവതി ആരോപിച്ചു.
ഇവരുടെ മെഡിക്കൽ റിപ്പോർട്ടിൽ ദേഹമാസകലം മർദ്ദനമേറ്റത്തിന്റെ വിവരങ്ങൾ വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു . ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.