ബാങ്കിൽ നിന്നാണ് എന്ന വ്യാജേന ഫോൺ ചെയ്ത് വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. വട്ടിയൂർക്കാവ് കുരുവിക്കാട് സ്വദേശിയായ സുനിതയാണ് തട്ടിപ്പിന് ഇരയായത്. ഇവർ നിലവിൽ വയലിക്കടക്ക് സമീപത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ ഇവരുടെ മൊബൈൽ നമ്പറിലേക്ക് നിരവധി തവണ ഓ ടി പി നമ്പരുകൾ സന്ദേശമായി ലഭിച്ചു കൊണ്ടിരുന്നു. പിന്നീട് വൈകുന്നേരം ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു ഒരു കോൾ വന്നു.
അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം പറഞ്ഞതിനു ശേഷം ഒരു ഓ ടി പി നമ്പർ ഫോണിലേക്ക് വന്നിട്ടുണ്ട് അത് നൽകാൻ അറിയിച്ചു. ട്രൂകോളറിൽ നോക്കിയപ്പോൾ ബാങ്കിൻറെ പേര് കണ്ടതുകൊണ്ട് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. ഇവർ ഓടിപി നമ്പർ പറഞ്ഞു കൊടുത്തു. തുടർന്ന് അധികം വൈകാതെ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തിലധികം രൂപ നാലു തവണകളിലായി പിൻവലിക്കുക ആയിരുന്നു. അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ച വിവരം കാണിച്ച് മെസ്സേജ് വന്നപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന കാര്യം വീട്ടമ്മ മനസ്സിലാക്കുന്നത്. ഉടൻതന്നെ ഇവർ ബാങ്ക്മായി നേരിട്ട് ബന്ധപ്പെട്ടു. ബാങ്ക് അന്വേഷണം തുടരുകയാണ്. ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബാങ്കിൽ സ്ഥിരതക്ഷേപമായി ഇട്ടിരുന്ന പണം ഒടിപി ഉപയോഗിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി തവണകളായിട്ടാണ് പിൻവലിച്ചത്. ഇത് തട്ടിപ്പിന്റെ പുതിയ രീതിയാണ് എന്നാണ് ലഭിക്കുന്ന വിവരം. സുനിത വെള്ളയമ്പലത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി നോക്കുകയാണ്. സുനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.