ക്യാൻസർ രോഗബാധിതയായി അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട പൊന്നു എന്ന ഐറിന്റെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞതിനെക്കുറിച്ചും എന്നാൽ ഒന്നു നേരില്‍ കാണുന്നതിന് മുന്‍പ് അവൾ രോഗ ബാധിതയായി മരണപ്പെട്ടതിനെ കുറിച്ചും സീമ ജി നായർ സമൂഹ മാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുന്നു.
താൻ ഈ കുറിപ്പ് എഴുതുന്നത് പൊന്നുവിന്റെ ഓർമ്മയ്ക്കായിട്ടാണ് എന്ന ആമുഖത്തോടെയാണ് സീമ ജീ നായരുടെ കുറിപ്പ് ആരംഭിക്കുന്നത്.
മൂന്നുമാസം മുമ്പ് തൊടുപുഴ സ്മിത മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിലെ ഡോക്ടർ സഞ്ചോ ഒരു മെസ്സേജ് അയച്ചു. ആ മെസ്സേജ് വായിച്ചപ്പോഴാണ് താൻ പൊന്നുവിനെ കുറിച്ച് അറിയുന്നത്.
അസുഖത്തിന്റെ കാഠിന്യത്തിലും എല്ലാവർക്കും ധൈര്യം പകർന്നു നൽകിയ ആ കുട്ടി കുഞ്ഞു പ്രായത്തിൽ പോലും മനോധൈര്യം കൈവിടാതെ അസുഖത്തെ നേരിട്ടു. അവളുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പൊന്നുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ചാക്കോ ബോബനെ ഒന്ന് നേരിൽ കാണണം എന്നത്. പൊന്നുവിന്റെ പിറന്നാൾ നവംബർ 29നാണ്. ഇത് അറിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത സ്ഥിതിയായിരുന്നു. ഗുരുതരമായ രോഗം ബാധിച്ച അറുന്നൂറിൽ അധികം കുട്ടികളുടെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടുണ്ട്.
എന്നാൽ ചാക്കോച്ചന് നല്ല തിരക്കുള്ള സമയമായിരുന്നു. അദ്ദേഹത്തിന് സമയം ലഭിക്കാതെ വരുമോ എന്ന് അറിയില്ലായിരുന്നു. ദൂരെയാണ് ഷൂട്ട് എങ്കിൽ അതും ഒരു പ്രശ്നമാകും. താൻ ഡോക്ടർ അയച്ച മെസ്സേജ് ചാക്കോച്ചന് അയച്ചു കൊടുത്തു. തീർച്ചയായും കാണാമെന്നും ഡേറ്റ് നോക്കിയിട്ട് അറിയിക്കാമെന്നും അദ്ദേഹത്തിന്‍റെ റിപ്ലൈ വന്നു. തിരക്കിനിടയിലും കുട്ടിയെ കാണാനുള്ള
സമയം അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും പകരമാകില്ല. പൊന്നുവിന്റെ പിറന്നാളിന്റെ അന്ന് അവളെയും കുടുംബത്തിനെയും ഡോക്ടറിനെയും ചാക്കോച്ചൻ എറണാകുളത്തേക്ക് ക്ഷണിച്ചു.
അവളുടെ ഒപ്പം പിറന്നാൾ സദ്യയും കഴിച്ച് കേക്കും കട്ട് ചെയ്തു ഫോട്ടോയും എടുത്ത് കഴിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിലായിരുന്നു അവൾ. ഷൂട്ടിംഗ് ലൊക്കേഷൻ ആയതിനാൽ തനിക്ക് ആ സന്തോഷം നേരിൽ കാണാൻ കഴിഞ്ഞില്ല. പിന്നീട് ഒരു വീഡിയോ എടുത്ത് പൊന്നുവിന് അയച്ചു കൊടുത്തു. ഒരിക്കൽ ആ കുട്ടിയെ നേരിൽ കാണാൻ ചെല്ലാം എന്ന് ഡോക്ടറോട് പറയുകയും ചെയ്തു. പക്ഷേ താൻ എത്താൻ അവൾ കാത്തു നിന്നില്ല. ഏറ്റവും വലിയ ആഗ്രഹം സാധിച്ചു മൂന്നു മാസത്തിനകം അവൾ യാത്രയായി. ശരിക്കും ആ വാർത്ത വലിയ ഷോക്കായിരുന്നു. ഇപ്പോൾ അവൾ സ്വർഗ്ഗത്തിലെ കുഞ്ഞുമാലാഖമാരുടെ ഒപ്പം ഓടിക്കളിക്കുന്നുണ്ടാകും. സീമ ജി നായർ കുറിച്ചു.