സംസ്കാര ചടങ്ങിനിടെ പിതാവിൻറെ മൃതദേഹത്തെ സാക്ഷിയാക്കി മകൻ വിവാഹം കഴിച്ചു. തന്റെ അച്ഛൻറെ അന്ത്യാഭിലാഷം നിറവേറ്റുന്നതിന് വേണ്ടിയാണ് സംസ്കാര ചടങ്ങിനിടെ മൃതദേഹത്തെ സാക്ഷിയാക്കി മകൻ വിവാഹം കഴിച്ചത്. കള്ളി കുറിച്ചിക്ക് സമീപം തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഈ അത്യപൂർവ്വ വിവാഹം നടന്നത്.
ഡിഎംകെ രാഷ്ട്രീയ കക്ഷിയുടെ സജീവ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ രാജേന്ദ്രൻ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി പലവിധ രോഗങ്ങളിൽ ബുദ്ധിമുട്ടുകയായിരുന്നു.
ഇദ്ദേഹം പെരുവാങ്ങൂർ സ്വദേശിയാണ്. 65 കാരനായ ഇദ്ദേഹം ഒരുമാസം മുൻപാണ് കുളിമുറിയിൽ തെന്നി വീഴുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ആഗ്രഹം മകൻറെ വിവാഹം നടന്നു കാണുക എന്നതായിരുന്നു. അദ്ദേഹത്തിൻറെ മകൻ പ്രവീൺ ചെന്നൈയിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. പ്രവീണിന്റെ വിവാഹം മാർച്ച് 27ന് കള്ളി കുറിച്ചിയില്‍ വച്ച് നടത്താൻ അദ്ദേഹത്തിൻറെ കുടുംബം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേന്ദ്രൻ അന്നേദിവസം രാത്രി മരണപ്പെട്ടു. തുടർന്ന് രാജേന്ദ്രന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവതിയോടും അവരുടെ ബന്ധുക്കളോടും തൻറെ പിതാവിൻറെ സാന്നിധ്യത്തിൽ വിവാഹം നടത്തണം എന്ന ആഗ്രഹം അദ്ദേഹം മുന്നോട്ടു വച്ചു.
അവർ അതിന് സമ്മതം മൂളി, അതോടെ പ്രവീൺ വിവാഹത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും നടത്തി. രാജേന്ദ്രൻ ആഗ്രഹിച്ചിരുന്നതുപോലെ ബുദ്ധമതത്തിലെ രീതികൾ പിന്തുടർന്നാണ് വിവാഹം നടത്തിയത്. പിതാവിൻറെ മൃതദേഹത്തിന്റെ സാന്നിധ്യത്തിൽ വച്ച് വിവാഹത്തിൻറെ മറ്റു ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് രാജേന്ദ്രന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
താൻ ചെയ്തത് ഒരു മകൻ എന്ന നിലയിലുള്ള കടമയാണ്. ആരൊക്കെ കുറ്റപ്പെടുത്തിയാലും നാട്ടുകാർ എന്തുപറഞ്ഞാലും അത് തന്നെ ബാധിക്കില്ല എന്നും മകൻ പ്രവീൺ പ്രതികരിച്ചു.