കഴിഞ്ഞ ദിവസമാണ് ഐശ്വര്യ രജനികാന്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇവരുടെ വീട്ടിലെ ജോലിക്കാരിയായ ഈശ്വരിയും ഭർത്താവും പോലീസ് പിടിയിലാകുന്നത്.
തന്റെ ലോക്കറിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായി എന്ന് ചൂണ്ടിക്കാട്ടി ഐശ്വര്യ രജനികാന്ത് പോലീസിൽ പരാതി നൽകിയിരുന്നു. ലോക്കറിന്റെ ചാവി എവിടെയാണ് ഇരിക്കുന്നത് എന്ന് വീട്ടിലെ ജോലിക്കാർക്ക് അറിയാം എന്നും ഐശ്വര്യ പോലീസിനു സമർപ്പിച്ച പരാതിയിൽ പറഞ്ഞിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടിലെ ജോലിക്കാരി ആയ ഈശ്വരിയെയും അവരുടെ ഭർത്താവിനെയും പോലീസ് പിടി കൂടുന്നത്. ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് ട്രാൻസാക്ഷനുകൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വൻ തുകയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2019 മുതൽ തന്നെ ഈശ്വരി, ഐശ്വര്യ രജനികാന്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു വില്പന നടത്തിയിരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതോടെ കൂടുതൽ ആഭരണങ്ങൾ ഇവർ അവിടെ നിന്നും സ്വന്തമാക്കുക ആയിരുന്നു. താൻ 2019ന് ശേഷം ലോക്കർ തുറന്നു പരിശോധിച്ചിട്ടില്ല എന്ന് ഐശ്വര്യ പോലീസിനോട് പറഞ്ഞു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് ഒരു കോടി രൂപയുടെ ഫ്ലാറ്റ് ഇവർ വാങ്ങിയിരുന്നു. പിന്നീട് ഈ വീട് പണയം വെച്ച് ബാങ്കിൽ നിന്നും ലോണെടുത്തു. ഒരു സംശയവും തോന്നാതിരിക്കാൻ രണ്ടു വർഷം കൊണ്ട് തന്നെ ലോൺ മുഴുവനും തിരികെ അടക്കുകയും ചെയ്തു. ഈ മോഷണത്തിന് ഐശ്വര്യയുടെ വീട്ടിലെ ഡ്രൈവറായ വെങ്കിടേഷിന്റെ സഹായം കൂടി അറിയണം എന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെയും അറസ്റ്റ് ചെയ്തു.