ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടിട്ടും പൊതു ഇടങ്ങളിൽ അപമാനിക്കപ്പെട്ടിട്ടും തളരാതെ നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി കറുത്ത കോട്ടണിഞ്ഞു ഇനി പത്മാ ലക്ഷ്മി വാദിക്കും. അവൾ നീതിക്ക് വേണ്ടി ഉറക്കെ സംസാരിക്കും.
ട്രാൻസ്ജെൻഡർ എന്ന വാക്ക് തനിക്ക് കുട്ടിക്കാലത്ത് അറിയില്ലായിരുന്നുവെന്നു പത്മ ലക്ഷ്മി പറയുന്നു. രണ്ട് ചേച്ചിമാരായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ അവരെപ്പോലെ പൊട്ടു തൊടാനും അണിഞ്ഞൊരുങ്ങാനും വല്ലാത്ത ഇഷ്ടമായിരുന്നു. എന്നാൽ അന്നത്തെ കാലഘട്ടത്തിൽ അങ്ങനെ നടക്കാൻ കഴിയുമായിരുന്നില്ല എന്ന് പത്മ പറയുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ പത്മ ഒറ്റപ്പെട്ട നിലയില്‍ ആയിരുന്നു. രൂപത്തിന്റെയും സ്വഭാവത്തിന്റെയും പ്രത്യേകത കൊണ്ട് സൗഹൃദങ്ങൾ ഒന്നുമുണ്ടായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം ഇൻറർനെറ്റിലൂടെ അറിഞ്ഞ പത്മ അതേ ഇൻറർനെറ്റിലൂടെ എങ്ങനെ സ്ത്രീയായി മാറാമെന്ന് തിരഞ്ഞു മനസ്സിലാക്കി. അതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്നു അവർ തിരിച്ചറിഞ്ഞു.
പത്മയുടെ തീരുമാനത്തില്‍ അവളുടെ കുടുംബവും ഒപ്പം നിന്നു. കുടുംബത്തിൻറെ സപ്പോർട്ട് ഉള്ളതുകൊണ്ടു തന്നെ തുടർ വിദ്യാഭ്യാസം നടത്തി. പഠിക്കുന്നതിനിടയിൽ തന്നെ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ പാര്‍ട്ട് ടൈം ആയി തന്നെ ജോലി ചെയ്തു പണം സമ്പാദിച്ചു. ഈ പണം ഉപയോഗിച്ച് 2019 മുതൽ ഹോർമോൺ ചികിത്സ ആരംഭിച്ചു. ലോ കോളേജിലും പത്മയ്ക്ക് സുഹൃത്തുക്കള്‍ ആരും ഇല്ലായിരുന്നു. നിരവധി പ്രയാസങ്ങളിലും പ്രതിസന്ധികളിലൂടെയും കടന്നു പോയ പത്മ 2023 മാർച്ചിൽ അഡ്വക്കേറ്റ് ആയി എൻട്രോൾ ചെയ്തു. ഇനിയും പത്മയുടെ മുമ്പിൽ കടമ്പകൾ അനവധിയാണ്. സീനിയർ അഭിഭാഷകരുടെ കീഴിൽ പ്രവർത്തിക്കണം എന്നതാണ് പത്മയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടിയുള്ള വഴികൾ തിരയുകയാണ് ഇന്ന് അവർ.