അത്യാഡമ്പര വാച്ചുകൾ നിർമ്മിക്കുന്ന വാച്ച് കമ്പനിയാണ് ജേക്കബ് ആൻഡ് കോ. ഈ കമ്പനി നിർമ്മിക്കുന്ന വാച്ചുകൾ എല്ലാം തന്നെ കോടികളുടെ മൂല്യം ഉള്ളവയാണ്. അപൂർവങ്ങളായ രത്ന കല്ലുകൾ കൊണ്ടാണ് ഇവരുടെ മിക്ക വാച്ചുകളും നിർമിച്ചിരിക്കുന്നത്. പൊതുവേ വളരെ കുറച്ച് വാച്ചുകൾ മാത്രമേ ജേക്കബ് ആൻഡ് കോ നിർമ്മിക്കാറുള്ളൂ. ഇവരുടെ മിക്ക വാച്ച് മോഡലുകളും ലിമിറ്റഡ് എഡിഷനുകളാണ്. അടുത്തിടെ ലോകത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള വാച്ച് ജേക്കബ് ആൻഡ് കോ നിർമ്മിച്ചു. ഈ വാച്ചിന്റെ വില എത്രയാണെന്ന് അറിയുമോ. 20 ദശലക്ഷം അമേരിക്കൻ ഡോളർ. അതായത് 164 കോടിയിലധികം ഇന്ത്യൻ രൂപ വേണം ഈ വാച്ച് വാങ്ങാൻ. ആകെ ഒരു വാച്ച് മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളൂ. ഇപ്പോള്‍ സ്വിറ്റ്സർലൻഡിലെ വാർഷിക എക്സിബിഷനിൽ ഈ വാച്ച് പ്രദർശനത്തിന് വച്ചിരിക്കുകയാണ്.
മൂന്നര വർഷത്തോളം സമയമെടുത്ത് ഈ രംഗത്തെ പ്രഗൽഭരായ ടെക്നീഷ്യന്മാർ ഒരുമിച്ച് കൂടിയാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഈ വാച്ചിൽ ഉയർന്ന ഗുണ നിലവാരമുള്ള മഞ്ഞ രത്നങ്ങളും വജ്രങ്ങളും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏറെ സമയമെടുത്താണ് വാച്ചിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ വാച്ചിന്‍റെ നിർമ്മാണ ഘട്ടത്തിലുള്ള വീഡിയോകളും മറ്റും കമ്പനി കഴിഞ്ഞ ദിവസം പുറത്തു വിടുകയുണ്ടായി.
ഈ വാച്ചിന് കമ്പനി ഇട്ടിരിക്കുന്ന പേര് ബില്യണയർ ടൈംലൈസ് ട്രഷറർ എന്നാണ്. ഈ വാച്ചിൽ ഉപയോഗിച്ചിരിക്കുന്ന മഞ്ഞ വജ്രം പ്രകൃതിയില്‍ വളരെ അപൂർവമായി മാത്രം കണ്ടു വരുന്നതാണ്. വെള്ള വജ്രത്തെ അപേക്ഷിച്ച് പതിനായിരത്തിൽ ഒന്ന് എന്ന് കണക്കിലാണ് മഞ്ഞ വജ്രം ലഭിക്കുക.