മരിച്ച് പത്തു വർഷത്തിനു ശേഷം സമൂഹ മാധ്യമത്തില്‍ ചർച്ചയായി നീല മനുഷ്യൻ….

പോൾ കാരസൻ എന്നു പറഞ്ഞാല്‍ ഇദ്ദേഹത്തെ അധികം ആരും അറിയില്ല. എന്നാൽ നീല മനുഷ്യൻ എന്ന് കേട്ടാൽ അറിയാത്തവർ വളരെ വിരളമായിരിക്കും. വീട്ടിൽ സ്വയം തയ്യാറാക്കിയ ചില സപ്ലിമെന്റുകൾ കഴിച്ചാണ് ഇദ്ദേഹത്തിൻറെ ചർമം നീല നിറത്തിൽ ആയി മാറുന്നത്. ഇദ്ദേഹം മരിച്ചത് 2013ൽ തൻറെ 62ആം  വയസ്സിലാണ്. ഹൃദയാഘാതമാണ് മരണ കാരണം. മരണപ്പെടുന്നതിന് അഞ്ച് വർഷം മുൻപ് അതായത് 2008ലാണ് ഇദ്ദേഹം ഒരു ടെലിവിഷൻ മാധ്യമത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ശരീരത്തിന്റെ നിറത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ ഇയാൾ വളരെ വേഗം തന്നെ ലോകമെമ്പാടും പ്രശസ്തനായി മാറി. ഇപ്പോഴിതാ നീല മനുഷ്യൻ മരിച്ച് ഒരു ദശാബ്ദ കാലം കഴിഞ്ഞതിനു ശേഷം അദ്ദേഹം വീണ്ടും
സമൂഹ മാധ്യമത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

ചർമ്മ പ്രശ്നങ്ങൾക്ക് പ്രതിവിധി എന്ന നിലയിലാണ് ഇദ്ദേഹം വീട്ടിൽ തന്നെ നിര്‍മിച്ചിരുന്ന ഫുഡ് സപ്ലിമെന്റ് തയ്യാറാക്കിയിരുന്നത്. വെള്ളി ചേർത്ത ഈ ന്യൂട്രീഷനൽ സപ്ലിമെൻറ് ഇദ്ദേഹത്തിന് ഉണ്ടായിരുന്ന സന്ധിവാതത്തെയും സൈനസ് പ്രശ്നങ്ങളെയും പരിഹരിച്ചു എങ്കിലും ഇയാളുടെ നിറം ഈ സപ്ലിമെൻറ് കഴിച്ചതിലൂടെ നീലയായി മാറി. ഒരു കാർട്ടൂൺ കഥാപാത്രത്തെ അനുസ്മരിക്കുന്ന തരത്തില്‍ നീല നിറത്തിലുള്ള ശരീരവും വെള്ള നിറത്തിലുള്ള താടിയുമായി വളരെ വേഗം തന്നെ ഇയാൾ വൈറലായി മാറി. നീല മനുഷ്യൻ എന്ന കുട്ടികളുടെ വിളി ഇദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നു. തൊലിയുടെ നിറം നീലയായി മാറിയതിന്റെ പ്രധാന കാരണം 10 വർഷത്തോളമായി ഇയാൾ നടത്തി വന്നിരുന്ന സ്വയം ചികിത്സയാണ്. എന്നാൽ ഇദ്ദേഹം ഉപയോഗിച്ച് വന്നിരുന്ന ഫുഡ് സപ്ലിമെന്റ് ഇതുകൊണ്ടൊന്നും ഉപേക്ഷിക്കാൻ ഇയാൾ ഒരുക്കമായിരുന്നില്ല. മരണം വരെ ഇയാൾ ഈ  ഫുഡ് സപ്ലിമെൻറ് ഉപയോഗിച്ചിരുന്നു .

Exit mobile version