വായുവിൽ നിന്ന് വൈദ്യുതി നിർമ്മിക്കാം… പുതിയ കണ്ടെത്തലുമായി ഗവേഷകർ….

വായുവിൽ നിന്നും വൈദ്യുതി നിർമ്മിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ്  ഗവേഷകർ. പ്രത്യേക തരത്തിലുള്ള ബാക്ടീരിയ പുറത്തു വിടുന്ന ചില എൻസൈമുകൾ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കും എന്നാണ് ഗവേഷകർ പറയുന്നത്. ഓസ്ട്രേലിയയിലെ മെൽബണിലുള്ള സർവ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭൂമിയിൽ എവിടെ നിന്നും ഇത്തരത്തിൽ വായുവിൽ നിന്ന് വൈദ്യുതി സൃഷ്ടിക്കാൻ കഴിയും എന്നാണ് ഗവേഷകരുടെ അവകാശവാദം.

അന്തരീക്ഷത്തിലുള്ള ഹൈഡ്രജനെ ബാക്ടീരിയ ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ ഇല്ലായിരുന്നു. എന്നാൽ ബാക്ടീരിയയില്‍ നിന്നും പുറത്തു വരുന്ന ഹക്ക് എന്ന എൻസൈം ഉപയോഗിച്ച്  വൈദ്യുതി നിർമ്മിക്കാൻ കഴിയുമെന്ന് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. നമ്മുടെ അന്തരീക്ഷത്തിൽ ഹൈഡ്രജന്റെ അളവ് വളരെ കുറവാണ്. എന്നാൽ ഇവയെ വലിച്ചെടുക്കുന്നതിന് ഹക്ക് എൻസൈമുകൾക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. പ്രകൃതി നിർമ്മിത ബാറ്ററികൾ ആയാണ് ഇത് പ്രവർത്തിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം . വൈദ്യുതി നിർമ്മാണത്തിന്റെ പുത്തൻ സാധ്യതകളെ ഇതിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഇത് ഒരു പുതിയ കണ്ടെത്തലാണ്. 

ഹക്ക് എൻസൈമുകൾക്ക് 0 ഡിഗ്രി സെൽഷ്യസ് മുതൽ 80 ഡിഗ്രി സെൽഷ്യസ് വരെയുള്ള കാലാവസ്ഥ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയിലുള്ള എല്ലാ പ്രദേശങ്ങളിലും ഈ എൻസൈമിന് അതിജീവനം സാധ്യമാണ്. ഈ കണ്ടെത്തലിലൂടെ സമീപ ഭാവിയിൽത്തന്നെ  ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും മറ്റും ഈ സാങ്കേതി വിദ്യ ഉപയോഗിക്കാൻ കഴിയും എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

Exit mobile version