അമിതമായി മദ്യപിച്ച യാത്രക്കാരൻ വിമാനത്തിനുള്ളിൽ മല മൂത്ര വിസർജനം നടത്തുകയും ഛർദ്ദിക്കുകയും ചെയ്തു. ഗുവഹാത്തിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6 ഇ 762 എന്ന വിമാനത്തിൽ മാർച്ച് 26നാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം വൃത്തിയാക്കുന്ന ജീവനക്കാരിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഈ വാർത്ത പുറംലോകം അറിഞ്ഞത്. വിമാനത്തിലെ യാത്രക്കാരനായ ഭാസ്കർ ദേവ് കോൺവാർ എന്നയാളാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.
അമിതമായി മദ്യപിച്ച യാത്രക്കാരൻ ഛർദ്ദിക്കുകയും വിമാനത്തിലെ ടോയ്‌ലറ്റിനു ചുറ്റും മല മൂത്ര വിസർജനം നടത്തുകയും ചെയ്തു. തുടർന്ന് ഫ്ലൈറ്റിനുള്ളിലെ ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കാൻ മുന്നിട്ട് ഇറങ്ങിയത്. മറ്റു ജീവനക്കാരും അവരുടെ ഒപ്പം കൂടി . ഇതിൻറെ ദൃശ്യങ്ങൾ വളരെ വേഗം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറി. ഇയാളുടെ മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന കാര്യം വ്യക്തമല്ല.
കഴിഞ്ഞ നവംബർ 26 നും സമാനമായ സംഭവം ഉണ്ടായിരുന്നു. ന്യൂയോർക്ക് ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ ആയിരുന്ന മുംബൈ സ്വദേശി ശങ്കർ മിശ്ര വിമാനത്തിലെ ബിസിനസ് ക്ലാസിൽ ഉണ്ടായിരുന്ന വനിതാ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചു. സംഭവം വാർത്തയായതോടെ ഇയാളെ കമ്പനിയിൽ നിന്നും പുറത്താക്കി. ഇയാൾ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വൈസ് പ്രസിഡണ്ടായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ഒരു പ്രകോപനവും ഇല്ലാതെ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. ഒളിവില്‍ ആയിരുന്ന ഇയാളെ പിന്നീട് പോലീസ് പിടികൂടി.