വീട്ടമ്മയിൽ നിന്ന് ഓഹരി വിപണിയിലെ പെൺകരുത്തിലേക്ക് വിജയക്കുതിപ്പ് നടത്തിയ മുക്തയുടെ ജീവിതയാത്രയിലൂടെ…. മുക്ത പറയുന്നു.. ഇത് നിങ്ങള്‍ക്കും കഴിയും….

ഓഹരി വിപണിയുടെ സാധ്യത ഇന്നും വേണ്ട വിധം ഉപയോഗിക്കാത്തവരാണ് ഇന്ത്യയിലുള്ള വലിയൊരു സമൂഹം. ചെറിയൊരു ശതമാനം ആളുകൾ മാത്രമാണ് ഓഹരി വിപണിയിലൂടെ പണം സമ്പാദിക്കുക എന്ന വഴിയെ കുറിച്ച് ചിന്തിച്ചിട്ടുള്ളത്. ഇതിൽ തന്നെ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ 25 ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകളുടെ സാന്നിധ്യമുള്ളത്. ട്രേഡിങ്ങിലൂടെ വിജയം വരിച്ച വനിതയാണ് മുംബൈ സ്വദേശിയായ മുക്ത ദമാംഗര്‍. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് മുക്ത ഓഹരിയിലേക്ക് കടന്നു ചെല്ലുന്നത്. 15 വർഷങ്ങൾക്ക് ശേഷം സക്സസ് ട്രേഡർ എന്ന ടാഗ് നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞു. മുക്തയുടെ ഭർത്താവ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു. വിവാഹശേഷം കുറച്ചു നാള്‍ പോഷകാഹാര വിദഗ്ദ്ധയായും റിസർച്ച് അസിസ്റ്റൻറ് ആയും അവർ പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ രണ്ടു കുട്ടികളുടെ അമ്മയായതിനു ശേഷമാണ് അവരുടെ ജീവിതം വീട്ടിലേക്ക് മാത്രമായി ചുരുങ്ങുന്നത്. ഈ കാലയളവിൽ ആണ് അവർ തന്റെ ആദ്യത്തെ സംരംഭമായ ബേബി ഫുഡ് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനി ആരംഭിച്ചത്. മൂന്നു വർഷത്തോളം ഈ മേഖലയിൽ പ്രവർത്തിച്ചതിനുശേഷമാണ് ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്.

ട്രേഡിംഗിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം വിപണിയോടുള്ള താല്പര്യം തന്നെയാണ്. മാത്രമല്ല ട്രേഡിങ് ആകുമ്പോൾ വീട്ടിലിരുന്ന് കുട്ടികളുടെ കാര്യം നോക്കാനും കഴിയും.

രണ്ടു വർഷത്തിനു ശേഷമാണ് ഓഹരി വിപണിയെ കുറിച്ച് കുറച്ചെങ്കിലും അവർ മനസ്സിലാക്കിയത്. പിന്നീട് ചെറിയ ലക്ഷ്യങ്ങളിൽ നിന്ന് വലുതിലേക്കും അതുവഴി കൂടുതൽ മുന്നേറുക എന്ന ഒരു രീതിയും അവലംബിച്ചു. ദിവസവും രാത്രികളിൽ ഇന്ത്യൻ സാമ്പത്തിക കാര്യങ്ങളും കോർപ്പറേറ്റ് വാർത്തകളും വായിക്കാൻ അവർ സമയം കണ്ടെത്തിയിരുന്നു.

ദിവസം 2000 മുതൽ 3000 രൂപ വരെ നേടുക എന്ന ചെറിയ ലക്ഷ്യത്തോടെയാണ് അവർ ട്രേഡിങ് ആരംഭിച്ചത്. ഒരു ദിവസം അയ്യായിരം രൂപ ലാഭമുണ്ടാക്കിയാൽ അന്നത്തെ ജോലി അവസാനിപ്പിക്കുക എന്നതായിരുന്നു അവരുടെ രീതി. എന്നാൽ 2019ല്‍  എത്തിയതോടെ വലിയൊരു തുക തന്നെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞു. ട്രേഡിങ്ങിൽ നിന്ന് ലഭിച്ച പണം കൊണ്ട് വിദേശയാത്രകൾ ഉള്‍പ്പടെ നടത്തുവാൻ മുക്തയ്ക്കായി.

ഒരു മികച്ച ട്രേഡേർക്ക് വേണ്ടുന്ന പ്രധാന രണ്ട് ഘടകങ്ങളാണ് ക്ഷമയും അച്ചടക്കവും. അല്ലാത്തപക്ഷം ട്രേഡിങ്ങിൽ കൈ പൊള്ളും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മുക്ത പറയുന്നു.

Exit mobile version