കൊല്ലം ചടയമംഗലത്ത് രണ്ടു വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ വിദ്യാർഥികളുടെ കുടുംബം രംഗത്ത്. കഴിഞ്ഞ മാസം 28ന് നടന്ന അപകടത്തിൽ വച്ച് പുനലൂർ സ്വദേശികളായ ശിഖയും അഭിജിത്തും മരണപ്പെട്ടിരുന്നു. ചടയമംഗലം നെട്ടയത്തറയിൽ വെച്ചാണ് അപകടം നടന്നത്. ഇപ്പോഴിതാ കെ എസ് ആർ ടി സി ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്ന ആവശ്യമായി മരിച്ച വിദ്യാർത്ഥികളുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.
അപകടം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണവും എങ്ങും എത്തിയിട്ടില്ല. മാത്രമല്ല മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ അന്വേഷണ വിധേയമായുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നും കുടുംബം പറയുന്നു.
ഈ നിമിഷം വരെ ബസ് യാത്രക്കാരുടെ മൊഴി എടുക്കുകയോ തുടര്‍ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തങ്ങള്‍ക്ക് സംശയം ഉണ്ട് എന്നും ബന്ധുക്കൾ പറയുന്നു.
കെ എസ് ആർ ടി സി ബസ് വിദ്യാർത്ഥികളെ ഇടിച്ചിട്ടതിനു ശേഷം അവരുടെ ദേഹത്തു കൂടി കയറിയിറങ്ങി നിർത്താതെ പോയി. ഒടുവിൽ ബസ്സിലുള്ളവർ ബഹളം വെച്ചപ്പോഴാണ് ഡ്രൈവർ ബസ് നിർത്താൻ തയ്യാറായത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്.