അതിജീവതയ്ക്ക് നീതി ലഭിക്കുക എന്നതല്ല മറിച്ച് ദിലീപിനെ ശിക്ഷിക്കുക എന്നതാണ് റിപ്പോർട്ടർ ചാനലിന്റെ ലക്ഷ്യം; റിപ്പോർട്ടർ ചാനലില്‍ അല്ലാതെ ഒരു ചാനലിലും ഈ വിഷയം തുടർച്ചയായി ചർച്ച നടത്താറില്ല; നിര്‍മാതാവ് സജി നന്ത്യാട്ട്
റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. അതേ ചാനലിൽ അതിഥിയായി പങ്കെടുക്കുന്നതിനിടെയാണ് സജി നന്ത്യാട്ട് പൊട്ടിത്തെറിച്ചത്. ചാനൽ ചർച്ചകൾ കണ്ടിട്ടല്ല മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിക്കുന്നത്. ഏതെങ്കിലും ഒരു ചാനലിൽ ഒരു സംഘം ആളുകൾ കൂടിയിരുന്നു ചർച്ച നടത്തി അതിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയിൽ ഒരു കോടതിയും വിധി പുറപ്പെടുവിക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസിൽ റിപ്പോർട്ടർ ചാനലില്‍ അല്ലാതെ ഒരു ചാനലും ഇങ്ങനെ തുടർച്ചയായ ചർച്ച നടക്കാറില്ല. ഇതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും. കോടതികളെ അനാവശ്യമായി വിമർശിക്കുകയാണ് ചാനലുകളിൽ ചില റിപ്പോർട്ടർമാർ ചെയ്യുന്നത്. കോടതി സ്വാധീനത്തിന് അടിപ്പെടുന്നു എന്ന ധാരണ പൊതുജനങ്ങളില്‍ എത്തിക്കുകയാണ് പല ചാനലുകളും ചെയ്യുന്നത്. കോടതിയെ വിമർശിക്കാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്ത് ഉണ്ട്, പക്ഷേ അതിനൊരു പരിധിയുണ്ട്. തെളിവുണ്ടെങ്കിൽ കോടതിക്ക് ഒരാളെ ശിക്ഷിക്കാതിരിക്കാൻ കഴിയില്ല, തെളിവില്ലാത്ത ഒരാളെ ശിക്ഷിക്കാനും കോടതിക്ക് കഴിയില്ല.
ദിലീപിന് കോടതിയിൽ വിശ്വാസം ഉണ്ടെന്ന് പറയുന്നത് ന്യായം ഉള്ളതുകൊണ്ടാണ്. ഒരു പ്രതിയെ കോടതി വെറുതെ വിടുകയാണെങ്കിൽ അത് എന്തുകൊണ്ടാണെന്ന് വ്യക്തമായി എഴുതി വെക്കണം. തന്റെ വ്യക്തിപരമായ ഇഷ്ടം അനുസരിച്ച് ആരെയും ശിക്ഷിക്കാനും രക്ഷിക്കാനും ഒരു ജഡ്ജിക്കും കഴിയില്ലന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.
അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ, മറ്റൊരു ചാനലിലും കിട്ടാത്ത സൂചന റിപ്പോർട്ടർ ചാനലിന് കിട്ടി എന്ന് പറയുമ്പോൾ അതിൽ സംശയിക്കാന്‍ പലതും ഉണ്ട്. ഇവിടെ എന്തോ അന്തർധാര ഉണ്ടെന്നത് വ്യക്തമാണ്. അതിജീവതയ്ക്ക് നീതി ലഭിക്കുക എന്നതല്ല മറിച്ച് ദിലീപിനെ ശിക്ഷിക്കുക എന്നതാണ് റിപ്പോർട്ടർ ചാനലിന്റെ ലക്ഷ്യം എന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു.