ലഹരി മാഫിയയുടെ ചതിയിൽപ്പെട്ടു ഖത്തറിലെ ജയിലിൽ കഴിയുന്ന മകനെ രക്ഷിക്കാൻ ആ അമ്മയ്ക്ക് ഇനി മുന്നിലുള്ളത് കുറച്ചു ദിവസങ്ങൾ മാത്രം
ലഹരി മാഫിയ ചതിച്ചതിനെ തുടര്‍ന്നു ഖത്തറിലെ ജയിലിൽ അകപ്പെട്ട മകൻ യശ്വന്തിനെ രക്ഷിക്കുന്നതിന് അമ്മ ജയയുടെ മുന്നിൽ ഇനി 30 ദിവസം മാത്രമേ ബാക്കിയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ശരിയാക്കേണ്ട നിരവധി രേഖകൾ ശേഖരിക്കുന്നതിന് വേണ്ടി ആ അമ്മ പെടാപ്പാട് പെടുകയാണ്.
ജൂൺ ഏഴിനാണ് പരിചയക്കാരനായ എടത്തല സ്വദേശി നിയാസ് പറഞ്ഞതനുസരിച്ച് മകനെ ഖത്തറിലേക്ക് അയച്ചത്. ഫിഫ ഫുട്ബോൾ കപ്പ് വരുന്നതിനാൽ ഖത്തറിൽ നിരവധി കമ്പനികളിൽ ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിയാസ് ജയയെ സമീപിച്ചത്. വീട്ടുപണി ചെയ്തു കുടുംബം പോറ്റുന്ന ജയക്ക് മകന് വിദേശത്ത് ജോലി കിട്ടുക എന്നത് വലിയ പ്രതീക്ഷയാണ് നൽകിയത്. ഖത്തറിലേക്ക് പോകുന്നതിനുള്ള സൗജന്യ വിസയും യാത്രയുടെ ചെലവും നിയാസ് നൽകാമെന്ന് ഉറപ്പു കൊടുത്തിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുമുള്ള വിമാനത്തിൽ ആശ്വന്ത് പുറപ്പെട്ടു. എന്നാൽ വിമാനം ദുബായിൽ എത്തിയപ്പോഴാണ് ഇതിന്റെ പിന്നിൽ ഒളിഞ്ഞിരുന്ന ചതി പുറത്തു വന്നത്. ദുബായിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രയിൽ ഒരു മരുന്നാണെന്ന് പറഞ്ഞ് ഒരു പാഴ്സൽ അശ്വന്തിനെ ഈ സംഘം ഭീഷണിപ്പെടുത്തി ഏൽപ്പിച്ചു. തുടര്‍ന്നു ഖത്തർ വിമാനത്താവളത്തിൽ എത്തിയ അശ്വന്തിനെ അധികൃതർ പിടികൂടിയപ്പോഴാണ് തന്റെ കയ്യിൽ മരുന്നെന്ന് പറഞ്ഞു നൽകിയത് ലക്ഷങ്ങൾ വിലയുള്ള ഹാശിഷ് ഓയിൽ ആണെന്ന് അശ്വന്ത് തിരിച്ചറിയുന്നത്. തുടർന്ന് അശ്വന്ത് പോലീസ് പിടിയിലായി.
അശ്വന്തനെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ജയ നിരവധി തവണ നിയാസിനെ വിളിച്ചെങ്കിലും കോറന്റൈനിൽ ആയിരിക്കുമെന്ന് പറഞ്ഞു നിയാസ് ഒഴിയുകയായിരുന്നു. പിന്നീട് ഖത്തറിലെ ജയിലിൽ നിന്ന് വിളിച്ചപ്പോഴാണ് ജയ സത്യങ്ങളെല്ലാം അറിയുന്നത്. തുടർന്ന് ആലുവ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയാസിനെയും കൂട്ടാളികളെയും പോലീസ് പിടികൂടി. മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രി മുരളീധരനും ജയ പരാതി നൽകിയിരുന്നു. അശ്വന്തിനെ തിരികെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്നും നിരവധി രേഖകൾ ഇനിയും വേണം. ഉന്നതർ നേരിട്ടു വിളിക്കുകയാണെങ്കിൽ ജാമ്യം ലഭിക്കുമെന്നും മടക്കയാത്ര സാധ്യമാകുമെന്നും അധികൃതർ അറിയിച്ചതിനെ തുടർന്ന് രേഖകൾ എത്തിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണ് ഈ അമ്മ. 30 ദിവസത്തിനകം ഇത് എത്തിക്കാത്ത പക്ഷം കേസ് കോടതിയിൽ പോകും. പിന്നീട് മോചനം കൂടുതൽ സങ്കീർണമാകും.