യാത്രക്കാരനെ ബസ്സിൽ നിന്നും സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി; ദൃശ്യങ്ങൾ വ്യാപകമായതോടെ കണ്ടക്ടറെ സര്‍വീസ്സില്‍ നിന്നും സസ്പെന്‍റ് ചെയ്തു
യാത്രക്കാരനെ ബസ്സിൽ നിന്ന് പുറത്തേക്ക് ചവിട്ടി വീഴ്ത്തിയ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കണ്ടക്ടറെ സര്‍വീസ്സില്‍ നിന്നും സസ്പെന്‍റ് ചെയ്തു. മദ്യപിച്ച് യാത്ര ചെയ്തു എന്ന കാരണം പറഞ്ഞാണ് യാത്രക്കാരനോട് ഇത്തരത്തിൽ പെരുമാറിയത് എന്നാണ് ഈ പ്രവര്‍ത്തിക്ക് കണ്ടക്ടർ നൽകുന്ന വിശദീകരണം. പരിക്കു പറ്റിയ യാത്രക്കാരനെ ചികിത്സ നൽകുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ടക്ടര്‍ യാത്രക്കാരനുമായി ബസ്സിനുള്ളിൽ വച്ച് തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തിയതോടെയാണ് യാത്രികനെ കണ്ടക്ടർ പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. റോഡിലേക്ക് പുറം തിരിഞ്ഞു വീണ യാത്രക്കാരന്റെ നട്ടെല്ലിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. റോഡിലേക്ക് നടു ഇടിച്ച് വീണ യാത്രക്കാരനെ ഗൗനിക്കാതെ ബസുമായി പോകുന്ന കണ്ടക്ടറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തില്‍ വലിയ തോതിൽ പ്രചരിച്ചതോടെ ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് ലഭിച്ച റിപ്പോര്ട്ട് അനുസരിച്ച് കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഇയാളെ അടിയന്തരമായി സർവീസിൽ നിന്നും സശ്പ്പെന്‍റ് ചെയ്തു. സുകുരാജ് റായ് കണ്ടക്ടറാണ് ബസ് യാത്രികനോടു ഇത്തരത്തില്‍ പെരുമാറിയത്.
സംഭവം വിവാദമായതോടെ കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായ അനുചിതമായ നടപടിയില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ച് കർണാടക ആർടി എംഡി രംഗത്ത് വരികയും ചെയ്തു. ഏതെങ്കിലും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം സംഭവം നടക്കുമ്പോൾ യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നുവെന്നും അയാളുടെ ഭാഗത്തു നിന്നും പ്രകോപനപരമായ പെരുമാറ്റം ഉണ്ടായത് കൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചത് എന്നുമാണ് കണ്ടക്ടർ നൽകുന്ന വിശദീകരണം.