താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് രാജകുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനുള്ള വിലക്ക് നീക്കി കൊച്ചി രാജകുടുംബം
നായർ വിഭാഗത്തിൽ പെടുന്ന സമുദായങ്ങൾക്ക് ഉൾപ്പെടെ രാജ കുടുംബാംഗങ്ങളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് കൊച്ചി രാജകുടുംബം നീക്കി. ഒരു നായർ കുടുംബം നൽകിയ പരാതി വലിയ വിവാദമായി മാറിയതോടെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
രാജ കുടുംബത്തിലെ അംഗങ്ങൾ താഴ്ന്ന ജാതിയിലുള്ളവരെ വിവാഹം കഴിച്ചാൽ അവര്‍ക്ക് രാജ കുടുംബത്തില്‍ ഉള്ളവരുടെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ കഴിയില്ല എന്ന സമ്പ്രദായമാണ് ഇതുവരെ തുടർന്ന് പോന്നിരുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഈ സമ്പ്രദായമാണ് കൊച്ചി രാജകുടുംബം എന്നന്നേക്കുമായി അവസാനിപ്പിച്ചത്.
കളിക്കോട്ടുള്ള സ്റ്റാച്ചു റോഡിലെ പാലസിൽ താമസിക്കുന്ന നായർ സമുദായത്തിൽപ്പെട്ട കുടുംബനാഥന്റെ പരാതിയാണ് ഇത്തരമൊരു നിലപാടിലേക്ക് എത്താൻ രാജകുടുംബത്തെ പ്രേരിപ്പിച്ചത്.
കുടുംബത്തിലെ അംഗങ്ങളായ തന്റെ ഭാര്യയെയും കുട്ടികളെയും കഴിഞ്ഞ ദിവസം മരണപ്പെട്ട അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നത് വിലക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം പരാതി നൽകിയത്. ഈ പരാതി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതോടെ മുതിർന്ന രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുകയും, ഇതിൽ ഉരുത്തിരിഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇത്തരമൊരു നടപടി കൊച്ചി രാജകുടുംബം കൈക്കൊണ്ടത്.
മരിച്ച കുടുംബാംഗത്തിന്റെ മകളെയും പേരക്കുട്ടികളെയും മറ്റു ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുക ആയിരുന്നു. മാത്രവുമല്ല നിലനിന്നിരുന്ന ആചാരത്തിന്റെ അടിസ്ഥാനത്തിൽ മുടക്കം എന്ന കർമ്മങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിനുള്ള അനുവാദവും നൽകിയിട്ടുണ്ട്.
കൊച്ചി രാജകുടുംബത്തിൽ പെട്ടവരുടെ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കുന്നത് പ്രത്യേക പദവിയുള്ള കാർമികന്റെ നേതൃത്വത്തിലാണ്. ഇദ്ദേഹമാണ് ഇതര സമുദായത്തിൽ പെട്ടവർ ഈ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന വിവരം അറിയിച്ചത്. അതേസമയം ഇത് തങ്ങൾ അറിഞ്ഞിട്ടില്ല എന്നാണ് രാജ കുടുംബാംഗങ്ങളുടെ പക്ഷം.