ഇറാഖി പൗരനായ യൂസഫ് ഹസ്സന് ആലപ്പുഴക്കാരി അമ്പിളിയുടെ കൈകൾ ഇനി വഴി കാട്ടും; കൈ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയിൽ വീണ്ടും വിജയഗാഥ രചിച്ച് അമൃത ആശുപത്രി
വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശിയായ അമ്പിളി എന്ന 39 കാരിയുടെ കൈകൾ ഇനി ഇറാഖി പൗരനായ യൂസഫ് ഹസന് വഴി കാട്ടും. ബാഗ്ദാദിൽ ഇന്റീരിയർ കൺസ്ട്രക്ഷൻ തൊഴിലാളിയായി ജോലി ചെയ്ത് വന്നിരുന്ന യൂസഫ് ഹസന് 2019ല്‍ നടന്ന അപകടത്തിലാണ് രണ്ടു കൈകളും നഷ്ടപ്പെടുന്നത്. ജോലി ചെയ്യുന്നതിനിടെ ട്രില്ലർ അപ്രതീക്ഷിതമായി ഉയർന്ന വോൾട്ടേജിലുള്ള ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റു ഇരു കൈകളും നഷ്ടമാവുക ആയിരുന്നു. അപകടത്തെ തുടര്‍ന്നു യൂസഫിന്റെ രണ്ട് കൈകളും മുട്ടിന്റെ ഭാഗത്ത് വച്ച് മുറിച്ചു മാറ്റി.
അപകടം സംഭവിച്ചു ആറു മാസത്തിനു ശേഷം ആണ് യൂസഫ് കൈ മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയയെ കുറിച്ച് അറിയുന്നതും ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കൊച്ചിയിലേക്ക് എത്തുന്നതും. ഇത്തരത്തിൽ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന അപൂർവ്വം ആശുപത്രികളിൽ ഒന്നാണ് കൊച്ചിയിലെ അമൃത ആശുപത്രി. 2021 ലാണ് യൂസഫ് കൊച്ചിയിലെത്തി മരണാനന്തര അവയവ ദാനം വഴി കൈകൾ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്തത്. 2022ൽ യൂസഫിന് കൊച്ചിയിൽ നിന്നും കോൾ വന്നു. 2022 ഫെബ്രുവരി രണ്ടിന് ഡോക്ടർ സുബ്രഹ്മണ്യ അയ്യരുടെയും ഡോക്ടർ മോഹിത് ശർമയുടെയും നേതൃത്വത്തിൽ 16 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് യൂസഫിന് ഇരു കൈകളും വച്ചു പിടിപ്പിക്കുന്നത്.
കർണാടക സ്വദേശിയായ അമരേഷ് എന്ന ഇരുപത്തിയഞ്ച് കാരനും അമൃത ആശുപത്രിയിൽ വെച്ച് കൈ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഏഷ്യയില്‍ ഇത്തത്തരത്തില്‍ കൈ മാറ്റി വയ്ക്കല്‍ ശാസ്ത്രക്രീയ നടത്തുന്ന അപൂര്‍വം ആശുപത്രികളില്‍ ഒന്നാണ് അമൃത.