ജീവിക്കാൻ അനുവദിക്കില്ല; തന്നെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കഴിഞ്ഞവർഷം ഓണം ബമ്പർ അടിച്ച ജയപാലൻ പറയുന്നു
ഇത്തവണത്തെ ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കുറിച്ചാണ് എല്ലാ മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. എന്നാൽ അതിന്‍റെ ഒപ്പം തന്നെ കഴിഞ്ഞ വർഷം ഓണം ബംബർ നേടിയ ഭാഗ്യവാൻ എവിടെ എന്നും മാധ്യമങ്ങൾ തിരയുന്നുണ്ട്. തൃപ്പൂണിത്തുറയിൽ ഓട്ടോ തൊഴിലാളിയായ മരട് സ്വദേശി ജയപാലനാണ് കഴിഞ്ഞ വർഷം ഓണം ബമ്പർ നേടിയ ഭാഗ്യവാൻ. തിരുവോണം ബമ്പറായ 12 കോടിയാണ് ഇദ്ദേഹത്തെ തേടി എത്തിയത്. എന്നാൽ ബംബർ അടിച്ചതിനു ശേഷം ഉള്ള ജീവിതം അത്ര സുഖകരം അല്ലായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. പലരിൽ നിന്നും പണം ആവശ്യപ്പെട്ടു ഊമക്കത്തുകളും ഭീഷണിയും നേരിടേണ്ടി വന്നതായി ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ഊമക്കത്തില്‍ 64 ലക്ഷം നൽകണം എന്നതായിരുന്നു ആവശ്യം. ഇതിൽ ഫോൺ നമ്പർ ഉണ്ടായിരുന്നു. പോലീസിൽ പരാതി നൽകി. തൃശ്ശൂർ ചേലക്കറിയിൽ നിന്നുമാണ് ഈ കത്ത് വന്നത്. പണം കൊടുത്തില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും തന്നെയും മക്കളെയും കൊല്ലുമെന്നും കത്തിലൂടെ ഭീഷണിപ്പെടുത്തി. തനിക്ക് മരണത്തെ ഭയമില്ല. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്ന് അറിയാം. ആരെയും പേടിച്ച് ഓടി ഒളിക്കാനും ഉദ്ദേശിക്കുന്നില്ലന്നു ജയപാലൻ പറയുന്നു.
ലോട്ടറി അടിച്ചു 35 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക ലഭിച്ചു. ഏഴു കോടി നാല്‍പ്പത്തി നാലര ലക്ഷമാണ് കയ്യില്‍ കിട്ടിയത്. ഏറ്റവും ഒടുവിലായി ഇതിൽ നിന്നും ഒരു കോടി 45 ലക്ഷം രൂപ ടാക്സ് അടക്കേണ്ടതായി വന്നു. ലോട്ടറി അടിച്ചു എന്ന് കരുതി തന്റെ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.
ഇപ്പോഴും ഓട്ടോ ഓടിച്ചു തന്നെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. താന്‍ ഒരു സാധാരണക്കാരനാണ്. കടങ്ങളെല്ലാം വീട്ടി. കുറച്ചുപേരെ സഹായിക്കാൻ കഴിഞ്ഞു. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി വന്ന തുക ബാങ്കിലിട്ടിരിക്കുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന പലിശ മ്യൂച്ചൽ ഫണ്ടിലേക്ക് പോകുന്നുണ്ട്. വിജയപാലൻ പറയുന്നു.