പേവിഷബാധയുടെ ലക്ഷണങ്ങളോടെ വീട്ടിലേക്ക് കയറി വന്ന തെരുവ് നായയെ വീട്ടു വളപ്പിനുള്ളിൽ പൂട്ടിയിട്ട് നാട്ടുകാർ
പേവിഷബാധയുടെ ലക്ഷണങ്ങളുമായി വീട്ടുവളപ്പിലേക്ക് കയറി വന്ന തെരുവ് നായയെ നാട്ടുകാരും വീട്ടുകാരും ചേർന്ന് വീട്ടു വളപ്പിനുള്ളിലാക്കി പുറത്തു നിന്നും പൂട്ടി. നായ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് പുറത്തു പോകാൻ കഴിയാത്ത വിധം നാട്ടുകാർ വീടിന്റെ ഗേറ്റ് പുറത്തു നിന്നും പൂട്ടിയത്. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം.
പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് എത്തി. പത്തനംതിട്ട പന്തളം റോഡിലുള്ള വീട്ടിലാണ് രാവിലെ 10 മണിയോടെ തെരുവുനായ എത്തിയത്. അപ്പോൾ ഇവിടെ പ്രായമായ ഒരു സ്ത്രീ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടു വളപ്പിനുള്ളില്‍ കടന്ന തെരുവ് നായ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നാട്ടുകാർ നായയെ വീട്ടുവളപ്പിനുള്ളില്‍ ആക്കി പൂട്ടുക ആയിരുന്നു. ഗേറ്റ് പുറത്തു നിന്നും പൂട്ടിയതോടെ നായക്ക് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. എന്നാല്‍ വീടിന്റെ മതില് ചാടി കടക്കുന്നതിന് നായ ശ്രമിച്ചു എങ്കിലും ആ ശ്രമം വിജയിച്ചില്ല. നായ പിടുത്തക്കാരനെ വിളിച്ചു വരുത്തി ഇതിന് ഉടൻ പിടികൂടുമെന്ന് അധികൃതർ പറഞ്ഞു.
അതേ സമയം കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അടിയന്തരമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. നിരവധി പേർക്കാണ് പ്രതിദിനം നായയുടെ കടി ഏല്‍ക്കുന്നത്. എന്നാൽ കേരളത്തിൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിൽ പ്രതിഷേധവുമായി നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ക്രിക്കറ്റ് താരങ്ങളും ഹിന്ദി സിനിമ താരങ്ങളും ഉള്‍പ്പടെ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി സമൂഹ മാധ്യമത്തിൽ കുറുപ്പ് പങ്കുവെച്ചിരുന്നു.