എല്ലാവരെയും ഒറ്റയടിക്ക് സഹായിക്കാൻ കഴിയില്ല; സ്വന്തമായി എന്തെങ്കിലും ചെയ്യണം; ഇനിയും ഓട്ടോ ഓടിക്കും; കോടിപതി അനൂപ്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനം സ്വന്തമാക്കിയ അനൂപിനെ തേടി ഇപ്പോഴും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. നിരവധി പേരാണ് അനൂപിനെ കാണാനായി എത്തുന്നത്. ഫോണ്‍ വഴിയും അല്ലാതെയും നിരവധി പേരാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അനൂപിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു . എന്നാൽ ഭാഗ്യം തേടിയെത്തിയ അന്നു മുതൽ അനൂപിന് ശരിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.
അഭിനന്ദനങ്ങളുമായി എത്തുന്നവരുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും മുന്നിൽ മുഖം കൊടുത്ത് അനൂപ് വല്ലാതെ ക്ഷീണിതനാണ്. പക്ഷേ ലോട്ടറി അടിച്ചതിനുള്ള സന്തോഷം ഇതില്‍ എല്ലാത്തിലും വലുതാണ്. ഇതിനോടകം നിരവധി ചാനലുകൾക്ക് അഭിമുഖം നൽകി. നൂറുകണക്കിന് ആൾക്കാരാണ് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ഫോൺ ചെയ്യുന്നത്. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചു. ഈ തിരക്കിനിടയിലും തന്റെ ഭാവി ജീവിതത്തെ കുറച്ച് അനൂപിന് ചില പ്ലാനുകളൊക്കെ ഉണ്ട്.
ഇപ്പൊഴും തന്റെ സന്തോഷം വിട്ടുമാറുന്നില്ലെന്നും തനിക്ക് ഒന്നിനും സമയം കിട്ടുന്നില്ലന്നും അനൂപ് പറയുന്നു. ഭാവിയിൽ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ആലോചിച്ചു ഒരു തീരുമാനത്തിലെത്തും. ഓട്ടോ ഓടിക്കുന്നത് തുടരും. പണം കയ്യില്‍ വന്നതിനു ശേഷം ഇനിയുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിക്കുമെന്ന് അനൂപ് പറയുന്നു.
അതേസമയം സഹായിക്കണമെന്ന അഭ്യർത്ഥനയുമായി നിരവധി പേരാണ്
തന്നെ തേടിയെത്തുന്നത് അനൂപ് പറയുന്നു. ഇപ്പോൾ തനിക്ക് എല്ലാവരെയും ഒറ്റയടിക്ക് സഹായിക്കാൻ കഴിയില്ല. എന്തെങ്കിലും സ്വന്തമായി ചെയ്തതിനു ശേഷം മാത്രമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ഒരു ഹോട്ടൽ തുടങ്ങണം എന്നതാണ് തന്റെ ആഗ്രഹമെന്ന് അനൂപ് പറയുന്നു.