എന്റെ കുഞ്ഞിനെയോ അയൽവക്കത്തെ കുട്ടിയെയോ കടിച്ചാൽ ആ നായയെ തച്ചു കൊല്ലണം എന്നായിരിക്കും പ്രതികരണം; എന്നാൽ ഇത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നായിരിക്കും മറുപടി; തെരുവ് നായ വിഷയത്തില്‍ കോഴിക്കോട് മേയർ ബീന ഫിലിപ്പ്
കേരളത്തിൽ തെരുവ് നായ്ക്കളുടെ വിഷയം കത്തി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. തെരുവ് നായ്ക്കളെ വക വരുത്തണമെന്നും അതല്ല അവയെ സംരക്ഷിക്കണമെന്നും അഭിപ്രായം പറയുന്നവർ രണ്ട് തട്ടിൽ അണിനിരക്കുമ്പോൾ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ് രംഗത്ത് വന്നിരുന്നു. തെരുവ് നായ്ക്കളെ സംരക്ഷിക്കണം എന്ന മേയറുടെ മുൻ നിലപാട് വിവാദം ക്ഷണിച്ചു വരുത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവർ.
തന്റെ കുട്ടിയെയോ അയൽവക്കത്തെ കുട്ടിയെ കടിച്ചാൽ ആ നായയെ തച്ചുകൊല്ലണം എന്ന് തന്നെയാകും തന്റെ സ്വാഭാവിക പ്രതികരണം. അതിൽ ഒരു സംശയവും വേണ്ട. പക്ഷേ ഇത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നായിരിക്കും ഉത്തരം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ തെരുവനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയാണ് മേയർ ഇത്തരം ഒരു അഭിപ്രായം പങ്കുവെച്ചത്.
നായയെ കൊല്ലുന്നവരോട് മാനിഷാദാ എന്ന് പറയേണ്ടിവരും. ഇതേ മാധ്യമങ്ങൾ തന്നെ നാളെ നായയെ കൊല്ലരുത് എന്ന് ആവശ്യപ്പെടുന്ന ഗതികേട് ഉണ്ടാകും. പണ്ടൊക്കെ പട്ടികൾ പ്രസവിച്ചാൽ അതിൽ കുറച്ച് എണ്ണത്തിനെ പട്ടികള്‍ തന്നെ തിന്നുമായിരുന്നു. സഹജമായ വാസനകൾ പ്രകൃതി അതിനു നൽകിയിട്ടുണ്ട്. അത് അവയുടെ നിയന്ത്രണത്തിനും നിലനിപ്പിനും അത്യാവശ്യമാണ്. ഇന്ന് ഇഷ്ടംപോലെ ഭക്ഷണം കിട്ടുന്നതുണ്ട് പട്ടിക്ക് സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടി വരുന്നില്ല. അതുകൊണ്ടാണ് അവർ കൂടുതൽ പെറ്റുകൂട്ടുന്നത്.
ഒരിയ്ക്കലും പട്ടിക്ക് വലിച്ചെറിഞ്ഞു കൊടുക്കരുത്. ആവശ്യമെങ്കിൽ വേവിച്ചു കൊടുക്കാം. പച്ചയ്ക്ക് വലിച്ചെറിയുമ്പോൾ ചോരയുടെ മണം പിടിക്കുന്നു. അപ്പോൾ അവർ കാട്ടുപട്ടിയായി മാറും. നാട്ടിലെ പട്ടികൾ മനുഷ്യന്റെ ഒപ്പം ജീവിച്ച് അവർ മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണം കഴിക്കുന്നത് കൊണ്ട് അവയ്ക്ക് ചോരയോട് ആസക്തി ഇല്ല. ഇവിടെ പട്ടികൾക്കും മനുഷ്യര്‍ക്കും ജീവിക്കണം. ഇതിൽ മനുഷ്യർക്ക് ജീവിക്കണം എന്നത് പ്രധാനമായതു കൊണ്ടാണ് അവയെ വെടിവെച്ചുകൊല്ലാന്‍ സാധിക്കുന്നത്. പക്ഷേ ഇതിൽ കർശനമായ നിയന്ത്രണവും നിയമവും ആവശ്യമാണെന്നും എല്ലാവർക്കും പട്ടികളെ കൊല്ലുന്നതിനുള്ള അനുമതി നൽകരുതെന്നും മേയർ ആവശ്യപ്പെട്ടു.