ഇതാണ് ബർമുഡ കള്ളൻ; മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിക്കും; ജീവിക്കുന്നത് കൂൺ കർഷകനായി; ഒപ്പം മത്സ്യകൃഷിയും
കൂണ് കർഷകൻ എന്ന നിലയിലാണ് ജോസ് മാത്യു നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മത്സ്യകൃഷിയും ചെയ്യുന്നുണ്ട്. ഇയാൾ കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇരിങ്ങോളിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയാണ്. 50 കേസുകളിലായി ആയിരം പവനിൽ അധികം ഇയാൾ ഇതുവരെ മോഷ്ടിച്ചിട്ടുണ്ട്. മോഷണ മുതൽ വിറ്റു കിട്ടുന്ന പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതാണ് ഇയാളുടെ രീതി.
ബർമുഡ കള്ളൻ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. മൂന്നുമാസം മുമ്പ് വാട്ടക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെവീട്ടിൽ നിന്നും 16 പവന് തവണ സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലാണ് ഇയാൾ ഇപ്പോൾ പോലീസ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ഇരുപതോളം മോഷണ കേസുകളാണ്.
സമ്പന്നരുടെ വീടുകളാണ് ഇയാൾ മോഷണത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്. വീടും പരിസരവും കണ്ടു മനസ്സിലാക്കിയതിന് ശേഷം ബർമുഡ ധരിച്ച് കിലോമീറ്ററുകളോളം നടന്നാണ് മോഷണം നടത്താനായി ഇയാള് എത്തുന്നത്. സ്വന്തമായി കാര് ഉണ്ടെങ്കിലും വളരെ അകലെ മറ്റൊരു സ്ഥലത്തു പാര്ക്ക് ചെയ്തതിന് ശേഷം നടന്നാണ് വരുന്നത്.
ഇതുവരെ മുപ്പതോളം കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണത്തിന് പോകുമ്പോൾ ഇയാളുടെ കയ്യിലെ കരുതിയിരിക്കുന്ന ബാഗിൽ ജനറൽ കമ്പി മുറിക്കുന്നതിനുള്ള ഡ്രില്ലർ , ഗ്യാസ് കട്ടർ എന്നിവ ഉണ്ടാകും. ബർമുഡയും ടീഷർട്ടും മുഖം മൂടിയും ധരിച്ചാണ് വീടുകളിൽ മോഷണത്തിന് കയറുന്നത്. മോഷണം നടത്തിയതിനു ശേഷം പുലരും വരെ സമീപത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കും. അടുത്ത ദിവസം രാവിലെ ഓട്ടോ വിളിച്ച് കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നതാണ് ഇയാളുടെ രീതി.