പെൺകുട്ടി ജനിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ അനസ്തേഷ്യ കുത്തിവെച്ചു കൊന്നു; മരണത്തിന് ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്ന് ആരോപിച്ച് നഷ്ടപരിഹാരം വാങ്ങി മുങ്ങി; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ
പെൺകുട്ടി ജനിക്കാത്തതിൽ കലി പൂണ്ട ഭർത്താവ് ഭാര്യയെ അനസ്തേഷ്യ മരുന്ന് കുത്തി വെച്ച് കൊലപ്പെടുത്തി. ആശുപത്രിയിൽ പ്രസവിച്ചു കിടന്ന നവീന എന്ന യുവതിയെ ആണ് ഭർത്താവ് ബിഗ്സാം മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഭാര്യയുടെ മരണത്തിന് കാരണക്കാർ ആശുപത്രി അധികൃതരാണെന്ന് കാണിച്ച് ഇയാൾ ആശുപത്രിയിൽ നിന്ന് നഷ്ടപരിഹാരവും വാങ്ങി. പിന്നീട് സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് കൊലപാതകി ഭർത്താവാണെന്ന് കണ്ടെത്തുന്നത്. തെലുങ്കാനയിലെ കമ്മം ജില്ലയിലാണ് ആസൂത്രിതമായ രീതിയിൽ കൊലപാതകം നടന്നത്. കൊല നടത്തിയതിനു ശേഷം ആശുപത്രി അധികൃതരെ കബളിപ്പിച്ച് പണവും വാങ്ങി ഈ യുവാവ് കടന്നു കളയുക ആയിരുന്നു. ബിഗ്സാം എന്ന യുവാവ് ലാബ് അസിസ്റ്റന്റ് ആയി ജോലി നോക്കുക ആണ്.
ആൺകുട്ടി ആയിരിക്കും ജനിക്കുക എന്ന് ഇയാൾ നേരത്തെ തന്നെ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ ജനിച്ചത് പെൺകുട്ടിയാണ്. ഇതിൽ ഇയാൾ വല്ലാതെ പ്രകോപിതനായി. തുടർന്ന് പ്രസവിച്ചു കിടക്കുക ആയിരുന്ന ഭാര്യയുടെ ഐവി ട്രിപ്പിൽ മയങ്ങാനുള്ള മരുന്ന് ഇയാള്‍ അമിതമായ ഡോസിൽ കുത്തി വയ്ക്കുകയായിരുന്നു. ഉടൻ തന്നെ ഭാര്യ മരണത്തിന് കീഴടങ്ങി. പിന്നീട് ചികിത്സ പിഴവ് ആരോപിച്ച് ഇയാളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയുടെ മുന്നിൽ പ്രതിഷേധം ആരംഭിച്ചു. ഇതോടെ മറ്റു നിവൃത്തിയില്ലാതെ ആശുപത്രി അധികൃതർ രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം നൽകി സംഭവം ഒത്തു തീർപ്പാക്കി. എന്നാൽ ഭര്‍ത്താവിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജ്മെന്റ് പിന്നീട് സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നുമാണ് കൊലപാതകത്തിന് പിന്നിലുള്ള യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്തിയത്.