സ്കൂളുകളുടെ സമയക്രമം മാറ്റുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും; കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാകും; ഫാത്തിമ തഹിലിയ
സ്കൂളുകളുടെ സമയ ക്രമം മാറ്റണമെന്ന കാദർ കമ്മിറ്റിയുടെ ശുപാർശ ഗുണത്തേക്കാള്‍ ദോഷമായിരിക്കും ചെയ്യുകയെന്ന് ഫാത്തിമ തഹലീയ പറയുന്നു. സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണമെന്ന് കാദർ കമ്മിറ്റി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് അവർ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കു വെച്ചത്.
സ്കൂളുകളുടെ സമയം രാവിലെ 8:00 മണിമുതൽ ഒരുമണിവരെ ആക്കുന്നത് ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുക എന്ന് ഫാത്തിമ പറയുന്നു. മലയോര മേഖലകളിലും മറ്റും ഉള്ള കുട്ടികൾക്ക് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇത്രയും നേരത്തെ സ്കൂളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അവര്‍ പറയുന്നു.
തനിക്ക് നേരിൽ അറിയാവുന്ന പല രക്ഷിതാക്കളും അവരുടെ കുട്ടികളെ സ്കൂളിൽ അയച്ചതിനു ശേഷമാണ് ജോലിക്ക് പോലും പോകുന്നത്. മാത്രമല്ല അവർ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടുകയാണ് പതിവ്. അല്ലെങ്കിൽ രക്ഷിതാക്കൾ വീട് എത്തുമ്പോഴേക്കും കുട്ടികളും വീട്ടില്‍ എത്തിയിട്ടുണ്ടാകും.
ഫാത്തിമയുടെ അഭിപ്രായത്തിൽ സ്കൂൾ സമയം മാറ്റുന്നതോടെ കുട്ടികളുടെ സുരക്ഷിതത്വം ആകെ അവതാളത്തിലാകും എന്ന വാദമാണ് നിരത്തുന്നത്.
അന്തർ ദേശീയ തലത്തിൽ ഉള്ള സ്കൂലുകളുടെ സമയം രാവിലെ മുതൽ ഉച്ചവരെയാണ് എന്ന് പറയുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഓരോ നാട്ടിലെയും ഭൂപ്രകൃതിയും അവിടുത്തെ ജീവിത സാഹചര്യവും അനുസരിച്ചാണ് സ്കൂൾ സമയം നിശ്ചയിക്കേണ്ടത്. അതുകൊണ്ടു തന്നെ കേരളത്തിൽ നിലവിലെ രീതി പിന്തുടരുന്നതാണ് ഉത്തമം എന്നാണ് ഫാത്തിമ അഭിപ്രായപ്പെടുന്നത്.
സമയക്രമം മാറ്റുന്നതുമായി ബന്ധപ്പെട്ട് വലിയൊരു വിഭാഗം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇത് തികച്ചും അപ്രയാഗികമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.