ബംബറടച്ചിട്ടും തീരാത്ത ദുരിതം… വാർത്തയാക്കി ബിബിസി; അനൂപിന്റെ കഷ്ടകാലം അങ്ങനെ ലോകം മുഴുവൻ അറിഞ്ഞു
ഇത്തവണത്തെ ഓണം ബമ്പർ അടിച്ച അനൂപിന്റെ കഷ്ടകാലം ഒടുവിൽ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബംബര് അടിച്ചതിന് ശേഷം സഹായം ചോദിച്ച് വീട്ടിലേക്ക് എത്തുന്നവരെ കൊണ്ട് സ്വന്തം വീട്ടിൽ നിൽക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് കാണിച്ച് അനൂപ് സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കു വെച്ചത്. ബംബർ അടിച്ചതിന് ശേഷമുള്ള സന്തോഷം അധിക നീണ്ടു നിന്നില്ലെന്നും സഹായം ചോദിച്ചു എത്തുന്നവർ പലപ്പോഴും പണം ഡിമാൻഡ് ചെയ്യുന്ന സ്ഥിതിയാണ് ഉള്ളതെന്നും അനൂപ് പറയുകയുണ്ടായി. തന്റെ കുട്ടിക്ക് അസുഖം വന്നപ്പോൾ ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും അനൂപ് സങ്കടപ്പെട്ടിരുന്നു. ഇപ്പോഴിതാ അനൂപിന്റെ ഈ അവസ്ഥ ലോകം മുഴുവൻ അറിഞ്ഞിരിക്കുകയാണ്. അനൂപിന്റെ സാഹചര്യം കഴിഞ്ഞ ദിവസം ബിബിസി റിപ്പോർട്ട് ചെയ്തു.
സഹായം അഭ്യർത്ഥിച്ചു വരുന്നവരെ കൊണ്ട് പ്രയാസപ്പെടുന്നു എന്നാണ് ഇതിന് bbc നൽകിയിരിക്കുന്ന തലക്കെട്ട്. ഒപ്പം അനൂപിന്റെ ചിത്രവും ഈ വാർത്തയിൽ കൊടുത്തിട്ടുണ്ട്. ബിബിസി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അനൂപിന്റെ പ്രയാസത്തെ കുറിച്ചുള്ള വാർത്ത ലോകത്തിന് മുന്പില് പങ്കു വെച്ചത്.
ഇതോടെ നിരവധി വിദേശികളാണ് ഈ വാർത്തയുടെ താഴെ വളരെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി വെക്കാൻ ആണ് ചിലർ കമന്റിലൂടെ അനൂപിനെ ഉപദേശിക്കുന്നത്. അതേസമയം ചിലർ പറയുന്നത് തങ്ങൾക്കും സഹായം ആവശ്യമുണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പറഞ്ഞു തരാം എന്നാണ്. നിരവധി രസകരമായ കമന്റുകളാണ് അനൂപിന്റെ പ്രയാസം പങ്കുവെച്ചു കൊണ്ടുള്ള റിപ്പോർട്ടിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.