വിവാഹതാനാണെന്ന വിവരം മറച്ചുവെച്ച് കാമുകിയെ വിട്ടു കിട്ടാൻ ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ച യുവാവിന് 25000 രൂപ പിഴ ചുമത്തി; പക്ഷേ യുവാവിന്റെ ഹര്‍ജി കോടതി തള്ളിയില്ല; കാരണമിതാണ്
നേരത്തെ വിവാഹിതനായിരുന്നു എന്ന വിവരം മറച്ചു വെച്ച് കാമുകിയെ വിട്ടു കിട്ടുന്നതിന് വേണ്ടി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത യുവാവിനു കോടതി പിഴ ചുമത്തി. തന്റെ കാമുകിയെ വീട്ടുകാർ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നു എന്ന് കാണിച്ചാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഷമീർ ഹൈക്കോടതിയിൽ ഹേബിയസ് ഹോർപ്പസ് ഹർജി ഫയൽ ചെയ്തത്. എന്നല്‍ ഇയാള്‍ വിവാഹനായിരുന്നു എന്ന വിവരം മറച്ചുവച്ചാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത് . ഇതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇയാൾക്ക് 25,000 രൂപ പിഴ ചുമത്തിയത്.
നെയ്യാറ്റിൻകര സ്വദേശിയായ യുവതിയെ പിതാവും സഹോദരനും ചേർന്ന് വീട്ടുതടങ്കലിൽ പാര്‍പ്പിച്ചിരിക്കുകയാണ് എന്നു കാണിച്ചാണ് ഷമീർ ഹൈക്കോടതിയിൽ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമർപ്പിച്ചത്. എന്നാൽ ഇയാൾ സ്പെഷ്യൽ മാരേജ് ആക്ട് മുഖേന നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്ന വിവരം കോടതിയെ ധരിപ്പിച്ചിരുന്നില്ല. ഇയാളുടെ ഹർജി കോടതിയിൽ എത്തിയപ്പോഴാണ് താൻ വിവാഹിതനായിരുന്നതായും തനിക്കെതിരെ ആദ്യഭാര്യ വിവാഹമോചനത്തിന് കുടുംബകോടതിയിൽ ഹർജി നൽകിയിരിക്കുകയാണെന്ന വിവരം കോടതിയെ ധരിപ്പിച്ചത്. ആ വിവാഹമോചനത്തിന് എതിർപ്പില്ലന്നും തന്റെയും മുൻ ഭാര്യയുടെയും വിവാഹമോചനം അനുവദിച്ചുകൊണ്ട് അധികം വൈകാതെ കോടതി ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ഇയാൾ അറിയിച്ചു.
എന്നാൽ വളരെ സുപ്രധാനമായ വിവരം കോടതിയുടെ മുന്നിൽ മറച്ചു വെച്ചതിനുള്ള അതൃപ്തി കോടതി അറിയിച്ചു. എന്നാൽ പറ്റിയ തെറ്റില്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്നും ഷമീർ കോടതിയെ ധരിപ്പിച്ചു.
തുടർന്ന് വീഡിയോ കോൺഫറൻസ് വഴി കോടതി തടവിലാക്കപ്പെട്ടു എന്ന് പറയപ്പെടുന്ന യുവതിയുമായി സംസാരിച്ചു. തനിക്ക് ഷമീറിന്റെ ഒപ്പം ജീവിക്കണം എന്നാണ് യുവതി കോടതിയോട് പറഞ്ഞത്. ഇതോടെ മുൻ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
കേസിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ ഹർജി തള്ളാത്തതെന്നു പറഞ്ഞ കോടതി, ഒരാഴ്ചയ്ക്കകം പിഴ അടക്കാത്ത പക്ഷം ഹർജി തള്ളുമെന്നും കോടതി വ്യക്തമാക്കി.