പഠിപ്പിച്ച അധ്യാപകരും ഒപ്പം പഠിച്ച വിദ്യാർത്ഥികളും ലൈംഗികമായി ചൂഷണം ചെയ്തു; വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകളുമായി സൂര്യ ഇഷാന്റെ പുസ്തകം
ട്രാൻസ്ജെൻഡറും മിനി സ്ക്രീൻ താരവുമായ സൂര്യ ഇഷാന്റെ ജീവിതം പുസ്തക രൂപത്തിൽ എത്തുന്നു. അവളിലേക്കുള്ള ദൂരം എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ചിലപ്പോൾ വിവാദമായി മാറിയേക്കാം. ക്യൂര്‍ ഗവേഷകരായ ഡോക്ടർ രശ്മിയും അനിൽകുമാർ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. വിനോദ് എന്ന യുവാവിൽ നിന്നും സൂര്യ എന്ന സ്ത്രീയിലേക്കുള്ള ദൂരമാണ് ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നത്.
ചെറുപ്പകാലത്തെ സൂര്യയുടെ ദുരിത ജീവിതം ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്നതിനിടെയാണ് സൂര്യ ചാനലുകളിൽ അവതരിപ്പിച്ചു വന്നിരുന്ന കോമഡി ഷോകളിലേക്ക് എത്തുന്നത്. ഒരിടത്ത് നിന്നും സൂര്യയ്ക്ക് കൃത്യമായ വേതനം ലഭിച്ചിട്ടില്ലെന്ന് ഈ പുസ്തകത്തിൽ പറയുന്നു.
സൂര്യയുടെ ആദ്യത്തെ ജീവിത പങ്കാളി അവരുടെ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു.സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതിനു ശേഷം ആണ് ഇപ്പോഴത്തെ പങ്കാളിയായ ഇഷാൻ ഒപ്പം എത്തുന്നത്. ഇരുവരും വിവാഹിതരായതിനു ശേഷം ഇവരുടെ കമ്മ്യൂണിറ്റിയിൽ നിന്നും ഉള്ളവര്‍ തന്നെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സംഘടന തന്നെ ഇഷാന്റെ ജോലി നഷ്ടപ്പെടുത്തി ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കി എന്നും ഈ പുസ്തകത്തിൽ പറയുന്നു.
പഠിപ്പിച്ച അധ്യാപകരും ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളും വരെ ലൈംഗികമായി ചൂഷണം ചെയ്തു. സ്കൂൾ പഠനം കഴിഞ്ഞ് ജോലി തേടി കോഴിക്കോട് പോയപ്പോഴാണ് ലൈംഗിക തൊഴിൽ ചെയ്യുന്നത്. പിന്നീട് പട്ടം കേശവദാസപുരം മേഖലയിൽ കത്ത് വിതരണം നടത്തുന്ന ജോലി ചെയ്യുന്നതിനിടെ അവിടുത്തെ കോളേജിൽ കത്ത് കൊടുക്കാൻ ചെന്നപ്പോൾ വിദ്യാർഥികൾ ലൈംഗികമായി ആക്രമിച്ച് സൂര്യയെ പരിക്കേൽപ്പിച്ചിരുന്നു എന്നും ഈ പുസ്തകത്തിൽ പറയുന്നു. സൂര്യ തന്റെ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളെയും ദുരിതങ്ങളെയും കുറിച്ചുള്ള തുറന്നു പറച്ചിലാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.