ഭർത്താവും മകളും മരുമകനും ജയിലിലായപ്പോഴും പുറത്ത് തനിച്ചു നിന്ന് പോരാടി ഇന്ദിര; പോരാട്ടത്തിന്റെ സമാനതകളില്ലാത്ത ചരിത്ര വഴികളിലൂടെ
ഏറെ കാലത്തെ പരിശ്രമത്തിന്റെ ഫലമായി കെട്ടിയുയർത്തിയ ബിസിനസ് സാമ്രാജ്യം കണ്മുന്നിലൂടെ എഴുതിപ്പോയപ്പോഴും ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ തളർന്നു പോയവർക്ക് എന്നും അറ്റ്ലസ് രാമചന്ദ്രൻ ഒരു പ്രചോദനമായിരുന്നു. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോഴും ആത്മവിശ്വാസം കൈമുതലാക്കി അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നത് നല്ല നാളേക്ക് വേണ്ടിയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ തിരിച്ചുവരവിന് എന്നും കരുത്തായി ഒപ്പം നിന്നത് പ്രിയ പത്നി ഇന്ദിരയാണ്. രാമചന്ദ്രൻ ജയിലിൽ കഴിയുമ്പോൾ പുറത്തുനിന്ന് അദ്ദേഹത്തിന് വേണ്ടി പൊരുതിയത് ഭാര്യ ഇന്ദിരയാണ്. തകർച്ചയിലേക്ക് വിട്ടുകൊടുക്കാതെ ബിസിനസ് സാമ്രാജ്യത്തെ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.
ചെക്കുകൾ മടങ്ങിയതോടെയാണ് രാമചന്ദ്രൻ ജയിലിൽ ആകുന്നത്. ബിസിനസിനെ കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന ഇന്ദിര, ഭര്‍ത്താവ് രാമചന്ദ്രൻ ജയിലിൽ ആയതിനു ശേഷം വാടക നൽകാൻ പോലും നിവൃത്തിയില്ലാത്ത സാഹചര്യമായിരുന്നിട്ടും പോരാട്ടം അവസാനിപ്പിച്ചില്ല. മരുമകനും മകളും കൂടി മറ്റൊരു കേസിൽ അകപ്പെട്ടു ജയിലിൽ ആയതോടെ ഇന്ദിര എല്ലാ അർത്ഥത്തിലും തനിച്ചായി.
2015 ഓഗസ്റ്റ് 23 ലാണ് 34 ബില്യൺ ചെക്ക് മടങ്ങിയ കേസ്സില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ അറസ്റ്റ് തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ ദുരന്തം ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ഇന്ദിര ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. രാമചന്ദ്രന്റെ പെട്ടെന്നുള്ള അറസ്റ്റ് വലിയ വാർത്തയായി മാറിയതോടെ കൂടുതൽ ബാങ്കുകൾ ചെക്ക് സമർപ്പിച്ചു. അറ്റ്ലസ് രാമചന്ദ്രന്റെ വീട്ടിൽ പല ബാങ്കുകളും പണത്തിനായി എത്തി. ആ പ്രയാസങ്ങൾക്ക് നടുവിലും ഇന്ദിര ഭർത്താവിന്റെ മോചനത്തിനു വേണ്ടി പോരാടി.
തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിനു മുൻപ് 3.5 മില്യൺ ദിർഹം ആയിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാർഷിക വരുമാനം. സാമ്പത്തിക തകർച്ച ഉണ്ടായതോടെ എല്ലാ സ്ഥാപനങ്ങളും വളരെ പെട്ടെന്ന് അടച്ചുപൂട്ടി. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പോലും ആകാതെ ഷോറൂമിൽ ഉണ്ടായിരുന്ന അഞ്ചു മില്യൻ വില വരുന്ന വജ്രങ്ങള്‍ കേവലം ഒരു മില്യൻ ദിര്‍ഹത്തിനാണ് വിറ്റഴിച്ചത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിലപിടിപ്പുള്ള പല വസ്തുക്കളും തീരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നതിലുല്ല വിഷമം രാമചന്ദ്രനും തുറന്നു പറഞ്ഞിട്ടുണ്ട്. ജയിലിൽ കഴിയുമ്പോഴും ഒരുനാൾ തിരിച്ചുവരും എന്ന ആത്മവിശ്വാസം രാമചന്ദ്രനു ഉണ്ടായിരുന്നു. ഒരിക്കലും തനിക്ക് വന്നു പെട്ട ബാധ്യതകളിൽ നിന്ന് ഒളിച്ചോടരുതെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു.
മൂന്നുവർഷം നീണ്ട ജയിൽവാസത്തിനു ശേഷം 2018 ലാണ് അദ്ദേഹം ജയിലിൽ നിന്ന് മോചിതനാകുന്നത്. നഷ്ടപ്പെട്ടുപോയതെല്ലാം വീണ്ടും കെട്ടിപ്പടുക്കാമെന്ന് ആത്മവിശ്വാസം അപ്പോഴും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അധികം വൈകാതെ പ്രതാപ കാലത്തിലേക്ക് തിരിച്ചുവരാൻ ആകുമെന്നും അറ്റ്ലസ് വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങിയത്.