വജ്രമുണ്ടെന്ന് അഭ്യൂഹം; തിരച്ചിലായി നദിക്കരയിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ; കടകൾ തുടങ്ങി പ്രദേശവാസികൾ
മനുഷ്യരുടെ ജീവിത ലക്ഷ്യം തന്നെ ധനസമ്പാദനമായി മാറുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ സമൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വളരെ എളുപ്പം സമ്പന്നനാകാം എന്ന് കൂടി കേട്ടാൽ പിന്നെ ആ വഴി തിരഞ്ഞ് ഇറങ്ങുകയായി. ഇത്തരത്തിൽ പെട്ടെന്ന് സമ്പന്നരാകാൻ ആയി മധ്യപ്രദേശിലെ പന്ന ജില്ലയിലേക്ക് ഓരോ ദിവസവും എത്തുന്നത് ആയിരങ്ങളാണ്. ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ നദിയുടെ തീരത്ത് വജ്രങ്ങൾ ഉണ്ട് എന്ന വാർത്ത വ്യാപകമായി പ്രചരിച്ചതാണ്. ഓരോ ദിവസവും ഭാഗ്യം തേടി ഇവിടെയെത്തി ക്യാമ്പ് ചെയ്തു വജ്രം തിരയുകയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍. അന്യ ജില്ലകളില്‍ നിന്നുമുള്ളവരാണ് ഇവിടെ വജ്രം തിരയാന്‍ കൂടുതലായി എത്തുന്നത്. എന്നാല്‍ ഇതിൽ ഏറ്റവും രസകരമായ കാര്യം ഈ നദിയിൽ വജ്രം ഉണ്ടോ എന്ന കാര്യത്തിൽ ഇതുവരെ അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള സ്ഥിരീകരണവും ഉണ്ടായിട്ടില്ല എന്നതാണ്. എന്നാൽ ഈ പ്രദേശത്തു നിന്നും വലിയ തോതിൽ വജ്രം കണ്ടെത്തിയതായി പ്രദേശ വാസികള്‍ അവകാശപ്പെടുന്നുണ്ട്. 70 ക്യാരറ്റിന്റെ വജ്രം ലഭിച്ചു എന്ന തരത്തില്‍ ഒരു വാർത്ത പ്രചരിക്കുകയും ചെയ്തു. ഇത്തരം ഒരു വാർത്ത കൂടി പരന്നതോടെ ഭാഗ്യം അന്വേഷിച്ച് ഈ നദിക്കരയിൽ എത്തുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുകയാണ്.
എന്നാൽ ഇവിടെ നിന്നും ഇതുവരെ ആർക്കെങ്കിലും വജ്രം കിട്ടിയിട്ടുണ്ടോ എന്നതിന് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ലെങ്കിലും ഇവിടേക്ക് എത്തുന്നവർക്ക് മാത്രം ഒരു കുറവുമില്ല. ജനബാഹുല്യം കണക്കിലെടുത്ത് പ്രദേശത്ത് പരിസരവാസികൾ നിരവധി കടകളും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ പ്രചരണത്തിന് പിന്നില്‍ സമീപവാസികള്‍ തന്നെയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.