പഠനത്തിന് പണം കണ്ടെത്താൻ പത്രമിടാൻ പോയി; കടം വാങ്ങിയ പഠന സാമഗ്രികൾ കൊണ്ട് ഐ എ എസ് പഠനം; ആദ്യ മൂന്നു ശ്രമവും പരാജയം; നാലാം ശ്രമത്തില്‍ 370ആം റാങ്കോടെ വിജയം; നിരീഷ് രജ് പുത് പ്രചോദനമാണ്
അഖിലേന്ത്യ തലത്തിൽ 370ആം റാങ്ക് കരസ്ഥമാക്കിയ ഐഎഎസ് ഉദ്യോഗസ്ഥൻ നിരീഷ് രജിപുത്ത് ഏവർക്കും ഒരു പ്രചോദനമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും പൊരുതിയാണ് അദ്ദേഹം വിജയം വരിച്ചത്.
മധ്യപ്രദേശിലെ ഭിന്ത് ജില്ലയില്‍ നിന്നുമുള്ള നിരീഷ് ജനിച്ചത് സാധാരണയിലും താഴെ ധനസ്ഥിതിയുള്ള ഒരു കുടുംബത്തിലാണ്. സർക്കാർ സ്കൂളുകളിൽ നിന്നുമാണ് അദ്ദേഹം തന്‍റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ ചെലവുകൾക്ക് പണം തികയാതെ വന്നതോടെ പത്ര വിതരണക്കാരനായി ജോലി ചെയ്തു. ഒരു സർക്കാർ കോളേജിൽ നിന്നും ബിരുദം നേടിയ അദ്ദേഹം പഠനത്തിന് ആവശ്യമായ പുസ്തകം വാങ്ങാൻ പോലുമുള്ള പണം കണ്ടെത്താൻ ഏറെ പ്രായസ്സപ്പെട്ടു.
നിരീഷിന്റെ പിതാവ് ഒരു തയ്യൽക്കാരനായിരുന്നു. പക്ഷേ അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കുടുംബത്തിലെ നിത്യ ചെലവുകൾക്ക് പോലും തികഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ നിരീഷിന് തന്‍റെ പഠന ചെലവിന് സ്വയം പണം കണ്ടെത്തേണ്ട സ്ഥിതിയായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചാണ് നിരീഷ് ബിഎസ്സിയും എംഎസ്സിയും കോളേജ് ടോപ്പർ ആയി വിജയിച്ച് കയറിയത്. ഇതിനിടയിലാണ് അദ്ദേഹത്തിന് യു പി എസ് സി പരീക്ഷ എന്ന സ്വപ്നം ഉടലെടുക്കുന്നത്
നിരീഷിന്റെ സുഹൃത്ത് ഒരു കോച്ചിംഗ് സെന്റർ തുടങ്ങിയിരുന്നു, അവിടെ അധ്യാപകനായി ജോലിക്കു കയറി. അവിടെ നിന്നുകൊണ്ടു പഠനം തുടര്‍ന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞ് അദ്ദേഹത്തിന് ആ ജോലി നഷ്ടപ്പെട്ടു. പിന്നീട് ചെറിയ ജോലികളിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ചും കടം വാങ്ങിയ പഠന സാമഗ്രികൾ ഉപയോഗിച്ചും അദ്ദേഹം യുപിസിക്ക് തയ്യാറെടുപ്പ് നടത്തി. കോച്ചിങ്ങിന് പോകാനുള്ള പണം ഇല്ലാത്തതുകൊണ്ട് സ്വയം പഠിക്കാൻ തീരുമാനിച്ചു. ആദ്യത്തെ മൂന്നു പ്രാവശ്യം പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. പക്ഷേ കീഴടങ്ങാൻ ആ ചെറുപ്പക്കാരൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ നാലാമത്തെ ശ്രമത്തിൽ നിരീഷ് വിജയിച്ചു കയറി. 2013ൽ 370ആം റാങ്കോടെയാണ് നിരീഷ് യു പി സി പരീക്ഷ വിജയിച്ചു കയറിയത്. കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിച്ച് യു പി സി പരീക്ഷ പാസായ നിരീഷ് ഏവർക്കും ഒരു പ്രചോദനമാണ്.