മുന്നിൽ പോയ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്ന് ജോമോൻ; ഇയാള്‍ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനൊരുങ്ങി പോലീസ്
തന്‍റെ മുന്നിൽ പോയ കെ എസ് ആർ ടി സി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്ന് വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ പോലീസിനോട് പറഞ്ഞു. ഇയാളെ ഇന്നു കൂടുതല്‍ ചോദ്യം ചെയ്യും.
താൻ ഉറങ്ങി പോയതല്ല എന്നും തനിക്ക് മുന്നില്‍ പോയ കെ എസ് ആർ ടി സി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായതാണെന്ന് ജോമോൻ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാളുടെ മാത്രം കുഴപ്പമാണ് അപകടത്തിന്റെ കാരണമെന്നും അപകടം നടക്കുമ്പോള്‍ ബസ് അമിത വേഗതയില്‍ ആയിരുന്നെന്നും ബസ്സില്‍ ഉണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ജോമോനെതിരെ ഇപ്പോൾ മനപ്പൂർവമല്ലാത്ത നര ഹത്യക്കു മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജോമോനും ബസ് ഉടമ അരുണും മാനേജർ ജെസ്വിനും ഇപ്പോൾ പോലീസ് സ്റ്റഡിയിലാണ്.
അപകടത്തിനുശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെയും ബസ്സുടമ അരുണിനെയും കൊല്ലം ചവറയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
അപകടം നടന്നതിനുശേഷം ജോമോൻ ജില്ലാ പോലീസ് മേധാവിയോട് പോലും കള്ളം പറഞ്ഞാണ് സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകി കഴിഞ്ഞു. ബസ് അമിത വേഗതയിലായിരുന്നു എന്നും ഒരു കാറിനെ ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നുമാണ് ട്രാന്‍സ്പോർട്ട് കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ ഉള്ളത്. അതേസമയം ബസ് ഡ്രൈവ് ചെയ്യുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ബസ്സിന്റെ ഫിറ്റ്നസ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ സ്വീകരിക്കും.