പാമ്പുകൾ ദൈവങ്ങളാണ്; അവ ഉപദ്രവിക്കില്ല; പാമ്പുകൾക്ക് പൂണ്ട് വിളയാടാന്‍ വീട് പകുത്ത് നൽകി ഒരു കുടുംബം
പാമ്പ് എന്ന് കേട്ടാൽ തന്നെ ഭൂരിഭാഗം പേരുടെയും മുട്ടിടിക്കും. വീട്ടിലോ വീടിന്റെ ചുറ്റുവട്ടത്തോ പാമ്പിനെ കണ്ടാൽ പിന്നെ ആ ദിവസത്തെ കാര്യം പറയുകയും വേണ്ട. അത്രത്തോളമാണ് ഭയമാണ് പാമ്പുകളെ. മനുഷ്യൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ജീവികളാണ് പാമ്പുകൾ. ആളൊഴിഞ്ഞ സ്ഥലത്തു കൂടി നടക്കുമ്പോൾ അവിടെയെങ്ങും പാമ്പ് ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെയാണ് നമ്മള് ഓരോ ചുവടും വയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഒഡീഷ്യയിലെ ഒരു കുടുംബം. അവരെ സംബന്ധിച്ച് പാമ്പുകൾ വീട്ടിലെ ഒരംഗത്തെ പോലെയാണ്. അതുകൊണ്ടുതന്നെ പാമ്പുകൾക്കായി അവർ തങ്ങളുടെ വീട്ടിലെ രണ്ടും മുറികൾ തന്നെ പാമ്പുകള്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ്.
ഒഡീഷയിലെ നീലിമാരി ഗ്രാമത്തിലുള്ള ലക്ഷ്മി ഭൂമിയയും കുടുംബവുമാണ് പാമ്പുകൾക്ക് വേണ്ടി തങ്ങളുടെ വീട് പോലും നൽകിയിരിക്കുന്നത്. ഇവരുടെ വീട്ടിനുള്ളിലാണ് പാമ്പുകൾ വാസം സ്ഥാപിച്ചിരിക്കുന്നത്. വീടിനുള്ളില്‍ നിരവധി പാമ്പിന് പുറ്റുകളുണ്ട്. ഈ പുറ്റുകൾ ഒന്നും നശിപ്പിക്കാതെ അവയ്ക്ക് ജീവിക്കാനുള്ള സൗകര്യം ഒരുക്കി നൽകിയിരിക്കുകയാണ് കുടുംബം. കൂടുതല്‍ സൌകര്യം ഒരുക്കിയതോടെ പാമ്പുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. മൂർഖൻ ഉൾപ്പെടെ നിരവധി വിഷപ്പാമ്പുകൾ ഇപ്പോൾത്തന്നെ ഈ വീട്ടിലുണ്ട്. ഇത്രയധികം പാമ്പുകൾ ഉള്ള വീട്ടിൽ ഒരു കുടുംബം എങ്ങനെ താമസിക്കുന്നു എന്ന കാര്യത്തിൽ നാട്ടുകാർക്ക് പോലും വല്ലാത്ത ആശങ്കയുണ്ട്.
എന്നാൽ പാമ്പ് ദൈവമാണെന്നും അത് ഒരിക്കലും ഉപദ്രവിക്കില്ല എന്നുമാണ് കുടുംബത്തിന്റെ അവകാശവാദം. ഈ വീട്ടില്‍ പ്രായമായ രണ്ടു പേര് മാത്രമാണ് ഉള്ളത്. ഇവർ എല്ലാ ദിവസവും പാമ്പിനെ പൂജിക്കുകയും അവയ്ക്ക് പാലും ഭക്ഷണവും നൽകുകയും ചെയ്യുന്നുണ്ട്.