ദിലീപ് അകത്തേക്ക് വിരൽ ചൂണ്ടി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ആരാണെന്ന് ദിലീപിന് അറിയാം, അത് അദ്ദേഹം പറയണം. ഇത് ചെയ്തത് ദിലീപ് അല്ലെന്ന് കേൾക്കാൻ തന്നെയാണ് ഇഷ്ടം; ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖയിൽ ഉള്ളത് ദിലീപിന്റെ ശബ്ദം തന്നെയാണെന്ന് ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ചാനലിൽ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും ആയ ഭാഗ്യാലക്ഷ്മി പ്രതികരിച്ചു.
കൃത്രിമം കാട്ടിയ ഓഡിയോ കോടതിക്കു മുമ്പിൽ കൊടുക്കുക എന്നത് വലിയ
കുറ്റകരമായ കാര്യമാണ്. അങ്ങനെ ചെയ്താൽ ബാലചന്ദ്രകുമാർ വെട്ടിലാകും. അത്തരം ഒരു മണ്ടത്തരം അദ്ദേഹം കാണിക്കുമെന്ന് കരുതുന്നില്ല.
പേടിച്ചു പേടിച്ചാണ് റെക്കോർഡ് ചെയ്തതതെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. ലിവിങ് റൂമിൽ ഇരിക്കുമ്പോൾ ദിലീപ് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശബ്ദം മുറിഞ്ഞ നിലയിൽ റെക്കോർഡിങ് ഉള്ളത് അതുകൊണ്ടാണ്. എല്ലാ തെളിവുകളും ബാലചന്ദ്രകുമാർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മീഡിയയിൽ 20% മാത്രം കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും കോടതിയിൽ അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ കേസിന്റെ നാൾവഴി നോക്കുമ്പോൾ നീതി കിട്ടുമോ എന്ന കാര്യത്തിൽ വല്ലാത്ത ഭയം ഉണ്ടെന്നും ഭാഗ്യലക്ഷ്മി ആശങ്ക പ്രകടിപ്പിച്ചു.
ദിലീപിന്റെ വീട്ടിൽ ദൃശ്യങ്ങൾ അടങ്ങിയ ടാബ് കാണുകയും അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോൾ അപകടകരമായ കാര്യമാണ് നടക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹം അത് റിക്കാര്‍ഡ് ചെയ്യുന്നത്.
ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് റെക്കോർഡ് ചെയ്ത ഡിവൈസ് കൊടുക്കുന്നില്ല എന്ന് ദിലീപിന് വേണ്ടി വാദിക്കുന്നവർ ചോദിച്ചിരുന്നു. എന്നാൽ ദിലീപിനോട് കോടതി ഡിവൈസ് ആവശ്യപ്പെട്ടപ്പോള്‍ ദിലീപ് നൽകിയിരുന്നോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. കോടതി ചോദിച്ചിട്ട് പോലും ദിലീപ് കൊടുത്തില്ല, ദിലീപ് ചെയ്താൽ അതിൽ ആര്‍ക്കും പരാതിയില്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ദിലീപിനെ പിടിച്ച് അകത്തിടണമെന്ന് ആർക്കും ആഗ്രഹമില്ല. പുറകിലേക്ക് വിരൽ ചൂണ്ടി ഇത്തരം ഒരു കാര്യം ചെയ്തത് തനിക്ക് വേണ്ടിയല്ല എന്ന് ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കുറ്റം ചെയ്ത വ്യക്തി ആ വീട്ടിലുണ്ടെങ്കിൽ ആ വ്യക്തിയെ പുറത്തു കൊണ്ടുവരേണ്ട ചുമതല ദിലീപിന് അല്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
കുറ്റകൃത്യം ആര് ചെയ്താലും അവരെ നിയമത്തിനു മുന്നിൽ
കൊണ്ടുവരണം. കോടതിയുടെയും പോലീസിന്റെയും ചുമതലയാണത്. ദിലീപ് അകത്തേക്ക് വിരൽ ചൂണ്ടിയിട്ടുണ്ടെങ്കിൽ അത് ആരാണെന്ന് ദിലീപ് പറയണം. ഇത് ചെയ്തത് ദിലീപ് അല്ലെന്ന് കേൾക്കാൻ തന്നെയാണ് തങ്ങൾക്ക് ഇഷ്ടമെന്നും ഭാഗ്യലക്ഷ്മി ചാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ടു.