ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കണമെന്ന് തോന്നുന്നുണ്ടോ; ചിലപ്പോൾ ഈ രോഗങ്ങളുടെ ലക്ഷണമാകാം
മൂത്രമൊഴിക്കുക എന്നത് ശരീരത്തിലെ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. മൂത്രമൊഴിക്കാൻ തോന്നുമ്പോൾ തന്നെ അത് പുറത്ത് കളയുന്നതാണ് ശരീരത്തിന് ഏറ്റവും ഉത്തമം. സാധാരണയിൽ കവിഞ്ഞ് കൂടുതൽ സമയം മൂത്രം പിടിച്ചു വയ്ക്കുന്നത് മൂത്രസഞ്ചി ആന്തരികമായി പൊട്ടുന്നതിലേക്ക് നയിച്ചേക്കാം. ഇങ്ങനെ പരിധിയിൽ കൂടുതൽ സമയം മൂത്രം പിടിച്ചു വയ്ക്കുന്നത് ജീവനുപോലും ആപത്താണ്.
എന്നാൽ ഒരു ദിവസം നിരവധി തവണ മൂത്രമൊഴിക്കാൻ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അതിനു പിന്നിൽ മറ്റു പല കാരണങ്ങളും ഉണ്ടാകും. ചിലപ്പോൾ അത് ചില രോഗങ്ങളുടെ സൂചനയും ആകാം. അതുകൊണ്ടു തന്നെ എന്താണ് ഇതിന്റെ കാരണമെന്ന് കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. അമിതമായ മൂത്രശങ്ക ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങള് എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
മൂത്രത്തിലൂടെയാണ് വൃക്ക രക്തത്തിലെ പഞ്ചസാര നീക്കം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രമേഹം പിടിപെടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നു. ഇത് കൂടുതൽ മൂത്രം ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകുന്നു. പ്രമേഹമുള്ളവരിൽ രണ്ടുമണിക്കൂർ ഇടവിട്ട്, പ്രത്യേകിച്ച് രാത്രിയിൽ മൂത്രമൊഴിക്കേണ്ടതായി വരുന്നു. ഇത് ഉറപ്പായും പരിശോധനയ്ക്ക് വിധേയമാക്കണം. വൃക്ക എന്ന ശരീരഭാഗത്തിന് മനുഷ്യ ശരീരത്തിൽ നിർണായകമായ സ്ഥാനമാണുള്ളത്. ശരീരത്തിനുള്ളിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നത് വൃക്കയാണ്. വൃക്കയ്ക്ക് എന്തെങ്കിലും അണുബാധ ഉണ്ടാവുകയോ തകരാറിലാവുകയോ ചെയ്താൽ അത് മൂത്രം പുറന്തള്ളുന്ന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
അതുപോലെ തന്നെ അപൂർവമായി മൂത്രമൊഴിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ വിഷ വസ്തുക്കളും പ്രോട്ടീനുകളും അടിഞ്ഞുകൂടാൻ ഇടയാകുന്നു. ഇങ്ങനെ അടിഞ്ഞുകൂടുന്ന വിഷപദാർത്ഥങ്ങൾക്ക് ശരീരത്തിൽ നിന്ന് പുറത്തു പോകാൻ മറ്റു വഴികൾ ഒന്നുമില്ല. ഇത് വൃക്കയുടെയും അതുപോലെതന്നെ അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവയവങ്ങളുടെയും ആരോഗ്യത്തെ തകർക്കുന്നു. കൂടിയ രക്തസമ്മർദ്ദവും പ്രമേഹവും വൃക്ക തകരാറിലാകാൻ ഇടവരുത്തും.
മൂത്രനാളിലെ അണുബാധ മൂത്രാശയത്തിലും ട്യൂബുകളിലും ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം മൂത്രസഞ്ചിയിൽ വീക്കം ഉണ്ടാകുന്നു. ഇങ്ങനെ വരുന്നതോടെ മൂത്രം ശേഖരിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുന്നു. അതോടെ വൃക്ക ദ്രാവകം ഫിൽറ്റർ ചെയ്യുമ്പോൾ മൂത്രമൊഴിക്കണം എന്ന് തോന്നൽ ഉണ്ടാകുന്നു. ഇതാണ് ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ ഉള്ള തോന്നലിന് കാരണം. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണം എന്ന് തോന്നുന്നുവെങ്കിൽ ഉറപ്പായും ഒരു ആരോഗ്യവിദഗ്ധനെ കണ്ടെത്തി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.