പ്രതികൾ എന്തോ മറയ്ക്കുന്നു; ഇരട്ട നടന്ന വീടിന്റെ പറമ്പ് ജെസിബിയുമായി കുഴിച്ചു നോക്കാൻ ഒരുങ്ങി പോലീസ്
ഇലന്തൂരിലെ നരബലി നടന്ന വീടിന്റെ പറമ്പ് വിശദമായ പരിശോധന നടത്താൻ ഒരുങ്ങി പോലീസ്. ഇവിടെ ഇനിയും മൃതദേഹങ്ങൾ ഉണ്ടായേക്കാം എന്ന സംശയം ഉള്ളതുകൊണ്ടാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് നിർണായ വിവരങ്ങൾ പോലീസിനു ലഭിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം സിദ്ധിച്ച നായകളെ ഉപയോഗിച്ച് ആയിരിക്കും ഇലന്തൂരിലെ വീടിന്റെ പറമ്പിൽ തിരച്ചിൽ നടത്തുക. നേരത്തെ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെ കൂടാതെ വേറെ ഏതെങ്കിലും സ്ത്രീകളെ ഇത്തരത്തിൽ കൊന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസിന്റെ ഈ നീക്കം.
നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആയ മൂന്നു പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് വിവരം. ഇതുവരെ ഇയാളില്‍ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല അനൌദ്യോഗിക വിവരം.
അതേ സമയം മറ്റു രണ്ടു പ്രതികളായ ലൈലയെയും ഭഗവത് സിംഗിനേയും
ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളിൽ വൈരുദ്ധ്യമുണ്ട്. ഇത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സമാണ്.
അതേസമയം റോസിലിനെയും പത്മത്തെയും കൂടാതെ വേറെ ആരെയെങ്കിലും ഇത്തരത്തിൽ കൊലപ്പെടുത്തിയതായി പ്രതികൾ സമ്മതിച്ചിട്ടില്ല. പക്ഷേ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ പോലീസിന് മനസ്സിലായ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇവർ എന്തോ കാര്യമായി മറക്കാൻ ശ്രമിക്കുന്നു എന്നതാണ്. ഇതുതന്നെയാണ് ഇലന്തൂരിലെ വീട്ടിൽ വിശദമായ പരിശോധന നടത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.