ഉദ്യോഗാര്‍ത്ഥികൾക്ക് മാതൃകയായി പീ എസ് സീ പരീക്ഷ എഴുതി
സർക്കാർ ജോലിക്ക് പരിശ്രമിക്കുന്ന പലരും തങ്ങളുടെ ഉദ്യമം പലപ്പോഴും പകുതി വഴിക്ക് ഉപേക്ഷിക്കുകയാണ് പതിവ്. കാരണം എത്ര ശ്രമിച്ചാലും സർക്കാർ ജോലി കിട്ടില്ല എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. ഇവിടെയാണ് പീ എസ് സീ പരീക്ഷ എഴുതി സർക്കാർ സർവീസിൽ കയറിയ 10 പേരുള്ള കുടുംബം മാതൃകയാകുന്നത്.
എടത്തനാട്ടുകര വട്ടമണ്ണപുരം എം ഇ എസ് ആശുപത്രിപ്പടിയിലെ ഒരു കുടുംബത്തിലുള്ള പത്തു പേര് സർക്കാർ സർവീസിലാണ് ജോലി നോക്കുന്നത്. ലോഡിങ് തൊഴിലാളിയായിരുന്ന പോത്തുകാടൻ സൈതാലി- ആമിന ദമ്പതികളുടെ അഞ്ചു മക്കളും മരുമക്കളുമാണ് സര്‍ക്കാര്‍ സർവീസിൽ കയറി മാതൃകയായിരിക്കുന്നത്. ഒരു കുടുംബത്തിൽ തന്നെ ഇത്രയും പേർ സർക്കാർ സർവീസിൽ കയറുന്നത് വളരെ അപൂർവമാണ്. സൈതാലി ആമിന ദമ്പതികളുടെ നാലാമത്തെ മകന്റെ ഭാര്യ സി എം ബാസിമ അധ്യാപികയായി സർവീസിൽ കയറിയതോടെയാണ് കുടുംബത്തിലുള്ള സർക്കാർ ജീവനക്കാരുടെ എണ്ണം പത്തായി ഉയരുന്നത്.
ഈ കുടുംബത്തിലെ മൂത്ത മകനായ മുഹമ്മദാലി 30 വർഷം മുമ്പാണ് വിൽപ്പന നികുതി വകുപ്പിൽ ക്ലർക്കായി ജോലിയിൽ കയറുന്നത്. പിന്നീട് ജിഎസ്ടി വകുപ്പിൽ ഡെപ്യൂട്ടി കമ്മീഷണറായി. ഇദ്ദേഹത്തിന്റെ ഭാര്യ സീനത്ത് എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിലെ അധ്യാപികയാണ്. രണ്ടാമത്തെ മകനായ അബ്ദുൽ റഹ്മാൻ മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാർ ആയി ജോലി നോക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഷഫ്ന അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സീനിയർ ക്ലർക്കാണ്. മൂന്നാമത്തെ മകനായ അബ്ദുൽസലാം എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ അധ്യാപകനായി ജോലി നോക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ അലനല്ലൂർ ലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ് ആണ്. നാലാമത്തെ മകനായ ഷംസുദ്ദീൻ പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സീനിയർ ക്ലാര്‍ക്കായി ജോലി നോക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കാണ് ഏറ്റവും ഒടുവിൽ അധ്യാപികയായി ജോലി ലഭിച്ചത്.
ഏറ്റവും ഇളയ മകൻ ആയ ഷാജഹാൻ കെഎസ്ആർടിസിയിൽ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ എൽ പി സ്കൂൾ അധ്യാപികയായി ജോലി നോക്കുന്നു. സൈതാലിയുടെ കുടുംബത്തിൽ നാല് പേർ ബിരുദാനന്തര ബിരുധാരികളും ആറു പേർ ബിരുദധാരികളും ആണ്.