ടൊമാറ്റോ സോസ് കയ്യിൽ ഒഴിച്ച് യുവതിയുടെ ആത്മഹത്യാ നാടകം; ഇൻസ്റ്റഗ്രാം ലൈവ് കണ്ട് പാഞ്ഞെത്തി കേരള പോലീസ്; അപ്പോള്‍ യുവതി പറഞ്ഞതിങ്ങനെ
പങ്കാളിയുമായുള്ള സൗന്ദര്യ പിണക്കത്തെ തുടർന്ന് യുവതി സമൂഹമാധ്യമത്തിലൂടെ ആത്മഹത്യ നാടകം നടത്തി. ശരിക്കുമുള്ള ആത്മഹത്യയാണെന്ന് കരുതി കർത്തവ്വ്യ നിരതരായ പോലീസ് സംഭവത്തേക്ക് പാഞ്ഞെത്തി. അപ്പോഴാണ് ഇത് യുവതിയുടെ നാടകം മാത്രമായിരുന്നുവെന്ന് പോലീസ് തിരിച്ചറിയുന്നത്.
കരമനയിൽ വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്ന ആലപ്പുഴ സ്വദേശിനിയാണ് ഇത്തരമൊരു ആത്മഹത്യ നാടകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലൂടെ ലൈവ് ആയി ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ടാണ് യുവതി ആത്മഹത്യാ നാടകം നടത്തിയത്. ടൊമാറ്റോ സോസ് ഉപയോഗിച്ച് കയ്യിലൂടെ രക്തം വാർന്നൊഴുകുന്നതായി തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അസ്വാഭാവിക ദൃശ്യം കണ്ട ഇൻസ്റ്റഗ്രാം അധികൃതർ ഈ വീഡിയോയും ഈ യുവതിയുടെ ഐപി അഡ്രസ്സും സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. ഉടൻതന്നെ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. യുവതിയുടെ ലൊക്കേഷൻ കരമനയിൽ ആണെന്ന് കണ്ടെത്തി അവർ മിനിറ്റുകൾക്കകം അവിടേക്ക് പാഞ്ഞെത്തി. എന്നാൽ അവിടെ എത്തിയപ്പോൾ പ്രത്യേകിച്ച് ഒരു പരിക്കും പറ്റാത്ത യുവതിയെ കണ്ടതോടെ പോലീസുകാർ ഞെട്ടി. ഇതോടെയാണ് സംഭവം ഒരു നാടകമായിരുന്നുവെന്ന് പോലീസും തിരിച്ചറിയുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി നെയ്യാറ്റിൻകര സ്വദേശിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു യുവതി. ഇവർ വിവാഹിതയും ആറു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയുമാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് വീട്ടില്‍ നിന്നും പുറത്തു പോയ യുവാവ് വൈകുന്നേരം ആയിട്ടും മടങ്ങി വരാഞ്ഞതോടെയാണ് യുവതി പേടിപ്പിക്കുന്നതിന് വേണ്ടി ആത്മഹത്യാ നാടകം നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. പോലീസ് എത്തി അധികം വൈകാതെ തന്നെ യുവാവും വീട്ടിലെത്തി. ഒടുവിൽ ഇരുവർക്കും ഇടയിൽ പ്രശ്നമൊന്നുമില്ല എന്ന് കണ്ട് പോലീസ് മടങ്ങിപ്പോയി.