എല്ലാം വളരെ പെട്ടെന്നായിരുന്നു; ഗർഭിണിയാണെന്നറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ യുവതി പ്രസവിച്ചു; സംഭവം ഇങ്ങനെ
വളരെ വിചിത്രമായ പല പ്രസവ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം യുഎസിൽ നിന്നും പുറത്തു വന്ന ഒരു പ്രസവകഥ ഇതിൽനിന്നെല്ലാം ഏറെ വേറിട്ടതാണ്. അതുകൊണ്ടുതന്നെ ഇത് വളരെ വേഗം സമൂഹമാധ്യമത്തിൽ വൈറലായി മാറുകയും ചെയ്തു. 23 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവതിയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്.
പെയ്ടൻ സ്റ്റോവർ എന്നാണ് ഇവരുടെ പേര്. ഇവർ ഒമാഹയിൽ അധ്യാപികയാണ്. ഗർഭിണിയാണെന്ന് അറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ കുട്ടിക്ക് ജന്മം നൽകി എന്നതാണ് ഇവർ അത്ഭുതമായി മാറാനുള്ള കാരണം. പതിവില്ലാത്ത തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം ഇവർ അറിയുന്നത്, തുടർന്ന് അധികം വൈകാതെ തന്നെ ഇവർ പ്രസവിക്കുകയും ചെയ്തു.
വളരെ നാളുകളായി തനിക്ക് ശാരീരികമായ അസ്വസ്ഥതകളും ക്ഷീണവും അനുഭവപ്പെട്ടിരുന്നു എന്നും എന്നാൽ ഗർഭിണിയാണ് എന്ന കാര്യം താൻ അറിഞ്ഞിരുന്നില്ല എന്നും യുവതി പറയുന്നു. ജോലിയിലെ സമ്മർദ്ദവും മറ്റുമാണ് ക്ഷീണത്തിന് കാരണമായി കരുതിയിരുന്നത്. എന്നാൽ ക്ഷീണം അസഹ്യമായതോടെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ എത്തിയപ്പോഴാണ് ഗർഭിണിയാണെന്നുള്ള വിവരം ഡോക്ടർ പറയുന്നത്. അത് തികച്ചും അവിശ്വസനീയം ആയിരുന്നു. ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെങ്കിലും പിന്നീട് മറ്റു ടെസ്റ്റുകൾ കൂടി നടത്തിയതോടെ ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചു. എന്നാൽ സ്കാനിങ് നടത്തിയപ്പോൾ മറ്റൊരു കാര്യം കൂടി ഡോക്ടർ അവരോടു പറഞ്ഞു. ഈ യുവതിയുടെ വൃക്കയും മറ്റ് ആന്തരികാവയവങ്ങളും തകരാറിലാണെന്നും ഇവർക്ക് പ്ലീ ക്ലാപ്പ്സിയ എന്ന രോഗമാണെന്നും ഡോക്ടർ അറിയിച്ചു. ഇതിന്റെ അനന്തരഫലമായി കുട്ടിയുടെയും അമ്മയുടെയും ജീവന് തന്നെ ഭീഷണി ഉണ്ടായേക്കാം, അതുകൊണ്ട് എത്രയും വേഗം സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കണമെന്നും ഡോക്ടർമാർ തീരുമാനിച്ചു. ഇതോടെ അടിയന്തര സിസേറിയൻ നടത്തി 1.81 കിലോഗ്രാം ഭാരമുള്ള കുട്ടിയെ യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുക്കുക ആയിരുന്നു. താൻ ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കാതിരുന്ന ഒരു സാഹചര്യത്തിലാണ് അമ്മയായതൊന്നു യുവതി പിന്നീട് പ്രതികരിച്ചു. നിലവിൽ അമ്മയും കുട്ടിയും ആശുപത്രിയിൽ സുരക്ഷിതരാണ്.