വിവാഹം കഴിക്കുന്നത് വരെയുള്ള സഹോദരിയുടെ ചെലവുകൾ നോക്കിയത് താനാണ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഹോദരന് കോടതിയിൽ
വിവാഹം കഴിക്കുന്നത് വരെ സഹോദരിയെ പരിചരിച്ചുവെന്നും അതുവരെയുള്ള എല്ലാ ചെലവുകളും നോക്കിയതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവാവ് കോടതിയെ സമീപിച്ചു . സഹോദരിയുടെ ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റു ചെലവുകളും ഉള്‍പ്പടെ വഹിച്ചു എന്ന് കാണിച്ചാണ് യുവാവ് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. കൂടാതെ താൻ ഇതുവരെ സഹോദരിക്ക് വേണ്ടി മുടക്കിയ പണം എത്രയാണെന്ന് കണക്കുകൂട്ടാൻ ഒരു അക്കൗണ്ടന്റ് വിദഗ്ധനെ നിയോഗിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. യു എ ഇയിലാണ് സംഭവം. വിവാഹിതയായ യുവതിയിൽ നിന്നാണ് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. യുവാവിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. ഇത്തരം ഒരു ഹര്‍ജി ആദ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സഹോദരിയുടെ വിവാഹം കഴിഞ്ഞു പോകുന്നത് വരെയുള്ള എല്ലാ ചെലവുകളും വഹിച്ചത് താന്‍ ആണെന്നും അതുകൊണ്ട് തനിക്ക് നഷ്ടപരിഹാരം നൽകണമെന്നും എന്നതാണ് യുവാവിന്റെ ആവശ്യം. അതേ സമയം എതിർഭാഗം ഈ കേസ് പരിഗണിക്കാനാവില്ല എന്ന് വാദിച്ചു. ഇരുവര്‍ക്കും ലഭിച്ച പൂര്‍വിക സ്വത്തിന് മേലുള്ള നിയമപരമായ വിഹിതം സഹോദരിക്ക് വേണ്ടി മുടക്കിയതിനു ശേഷം ബാക്കി വന്ന തുക യുവാവിന്റെ കൈവശമുണ്ടെന്നും യുവതിയുടേത് രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തില്‍ ഉള്ള ഒരു വിവാഹമായതിനാൽ പരാതിക്കാരന്റെ അപേക്ഷ ഒരു കാരണവശാലും പരിഗണിക്കാനാവില്ല എന്നും എതിർഭാഗം കോടതിയെ അറിയിച്ചു. ഇത് രേഖകളുടെ അടിസ്ഥാനത്തില്‍ കോടതി ശരി വയ്കുകയും ചെയ്തു. പിന്നീട് ഇരുവാദങ്ങളും വിശദമായി പരിശോധിച്ച കോടതി യുവാവിന്റെ നഷ്ടപരിഹാരം വേണമെന്ന ആവശ്യം തള്ളിക്കളയുയും ചെയ്തു.