ഭഗവത് സിംഗിന്റെ ചികിത്സ മൂലമാണ് എഴുന്നേറ്റു നടക്കാൻ കഴിയുന്നത്; പണത്തിനോട് ആർത്തിയില്ലാത്ത പാവം വൈദ്യനായിരുന്നു; ഭഗവത് സിംഗ് എങ്ങനെയാണ് ഒരു കൊലയാളിയായി മാറിയതെന്ന് ലോട്ടറി വിൽപ്പനക്കാരി ശാന്തകുമാരി
പണത്തിനോട് യാതൊരു ആർത്തിയും ഇല്ലാത്ത ഒരു പാവം വൈദ്യൻ ആയിരുന്നു ഭഗവത് സിംഗ് എന്ന് നിലമ്പൂരിൽ ലോട്ടറി വില്പന നടത്തി ജീവിക്കുന്ന ശാന്ത പറയുന്നു. ഭഗത് സിംഗ് എങ്ങനെയാണ് ഒരു കൊലപാതകതി ആയി മാറിയതെന്ന സംശയമാണ് ശാന്ത ഉന്നയിക്കുന്നത്.
57 കാരിയായ ശാന്തയ്ക്ക് അപകടത്തിൽ ശരീരം മുഴുവൻ ചതവ് പറ്റിയിരുന്നു. ഇതിന് ചികിത്സ നടത്തുന്നതിന് വേണ്ടി നിരവധി തവണ ഭഗവത് സിംഗിന്റെ വീട്ടിൽ വന്നിരുന്നു. അന്നൊക്കെ വളരെ പാവമായിട്ടാണ് തന്നോട് പെരുമാറിയത്. എന്നാൽ പിന്നീട് ഇയാൾ എങ്ങനെ ഒരു കൊലപാതകിയും നരഭോജിയുമായി മാറി എന്ന സംശയമാണ് ശാന്തയ്ക്ക്.
കഴിഞ്ഞ ദിവസം ഭഗത് സിംഗിനെയും ലൈലയെയും തെളിവെടുപ്പിന് ഇലന്തൂരിൽ എത്തിച്ചപ്പോഴാണ് വളരെ വർഷങ്ങൾക്ക് മുൻപ് ഭഗവത് സിംഗ് തനിക്ക് നടത്തിയ ചികിത്സയെക്കുറിച്ച് ശാന്ത പറഞ്ഞത്.
ഒരു നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരുന്നതിനിടെയാണ് വീടിനു മുകളിൽ നിന്ന് വീണ് പരിക്ക് പറ്റുന്നത്. ആ വീഴ്ചയിൽ ശരീരത്തിൽ ആകമാനം ചതവ് പറ്റിയിരുന്നു. ഇത് ചികിത്സിക്കുന്നതിനു വേണ്ടിയാണ് ശാന്ത ഭഗവത് സിംഗിന്റെ അടുത്ത് വന്നത്. 14 ദിവസത്തോളം ആണ് അന്ന് ഭഗവത് സിംഗ് ശാന്തയ്ക്ക് തിരുമൽ ചികിത്സ നൽകിയത്. അപ്പോഴെല്ലാം വളരെ മാന്യമായാണ് ഭഗവത് സിംഗ് തന്നോടു പെരുമാറിയതെന്ന് ശാന്ത പറയുന്നു. ഭഗവത് സിംഗ് ഇല്ലാതിരുന്ന സമയത്ത് ഭാര്യ ലൈലയും ചികിത്സ നടത്തിയിട്ടുണ്ട്. ഒരിക്കലും ചികിത്സയ്ക്ക് ശേഷം പണം ചോദിച്ചു വാങ്ങുന്ന വ്യക്തി ആയിരുന്നില്ല ഭഗവത് സിംഗ്. കയ്യിലുള്ളത് കൊടുത്താൽ മതി എന്നതായിരുന്നു അയാളുടെ രീതിയെന്ന് ശാന്ത പറയുന്നു. അതുകൊണ്ടാണ് ഭഗവത് സിങിന്റെ അടുത്ത് പാവങ്ങൾ ചികിത്സയ്ക്ക് എത്തുന്നത്. ഭഗവത് സിംഗിന്റെ ചികിത്സ മൂലമാണ് ഇന്ന് തനിക്ക് എഴുന്നേറ്റ് നടക്കാൻ കഴിയുന്നത്. വീഴ്ചയിൽ സാരമായി പരിക്കുപറ്റിയതിനാൽ ശാന്ത ഇപ്പോൾ ലോട്ടറി വില്പന നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. അതേ സമയം തന്നെപ്പോലെ ലോട്ടറി വില്പന നടത്തി ജീവിക്കുന്നവരെയാണ് ഭഗവത് സിംഗ് കൊലപ്പെടുത്തിയതെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ശാന്ത പറയുന്നു.