സാറേ, 39 വയസ്സ് ആകുമ്പോൾ പുറത്തിറങ്ങും; ശിക്ഷയൊക്കെ അറിയാം; ഒരു കൂസലുമില്ലാതെ പ്രതി
കണ്ണൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് തനിക്ക് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ച് നേരത്തെ തന്നെ ഗൂഗിളിൽ തിരഞ്ഞു മനസ്സിലാക്കിയിരുന്നതായിപോലീസ് പറഞ്ഞു.14 വർഷമായിരിക്കും തന്റെ ശിക്ഷയെന്നും 39 വയസ്സ് ആകുമ്പോൾ താൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമെന്നും ഇയാൾ പോലീസ് പറഞ്ഞു. തെളിവെടുപ്പിന് എത്തിച്ചപ്പോൾ കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്ന ബാഗ് ഇയാൾ പോലീസിനു കണ്ടെടുത്തു നൽകി.
പ്രതി വളരെ വ്യക്തമായ ആസൂത്രണം നടത്തിയാണ് കൊലപാതകം ചെയ്തിരിക്കുന്നത്. അഞ്ചു വർഷത്തോളമായി ശ്യാംജിത്തുമായി വിഷ്ണുപ്രിയ അടുപ്പത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും അകന്നു നിൽക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊന്നാനിയിലുള്ള കൃഷ്ണപ്രിയയുടെ ഒരു സുഹൃത്തിനെ കൊലപ്പെടുത്താനും ശ്യാംജിത്തിന് പ്ലാൻ ഉണ്ടായിരുന്നു. വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം ഒരു പദ്ധതി ശ്യാംജിത്ത് ഇട്ടിരുന്നത്.
തെളിവെടുപ്പിന് പോലീസ് കൊണ്ടുവന്നപ്പോഴും യാതൊരു ഭാവഭേദവും ഇല്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക , കത്തി , മുളകുപൊടി , കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രം എന്നിവയും കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു. പോലീസ് അന്വേഷണം വഴി തിരിച്ചു വിടുന്നതിന് വേണ്ടി പ്രതി ബാർബർ ഷോപ്പിൽ നിന്നും എടുത്ത മുടി കയ്യിൽ കരുതുകയും ചെയ്തു. തെളിവു നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി ബാഗിനുള്ളിൽ മുളക്പൊടി കരുതിവെച്ചിരുന്നത്.
കൊലപാതകം നടത്തിയതിന് ശേഷം ഒരു കൂസലും ഇല്ലാതെ അച്ഛന്റെ ഹോട്ടലിൽ എത്തി സഹായിയായി ജോലികൾ ചെയ്തു. അന്നേദിവസം വൈകിട്ട് നാടുവിടാൻ ആയിരുന്നു ഇയാളുടെ പ്ലാൻ. പഴുതടച്ചുള്ള പോലീസിന്റെ അന്വേഷണത്തില് പ്രതി കുടുങ്ങുക ആയിരുന്നു.